നിറപുഞ്ചിരിയുമായി മിയ ചേര്‍ത്തുനിര്‍ത്തി അശ്വിനും: മനസമ്മത വീഡിയോ ശ്രദ്ധേയമാകുന്നു

August 25, 2020
Actress Miya George and Ashwin Betrothal video

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും ആരാധകര്‍ക്കിടയില്‍ സ്ഥാനം നേടാറുണ്ട്. മലയാളികളുടെ പ്രിയ താരം മിയ ജോര്‍ജിന്റെ വിവാഹവിശേഷങ്ങളും സന്തോഷപൂര്‍വ്വം ആരാധകര്‍ ഏറ്റെടുത്തിരുന്നു. നിരവധിപ്പേര്‍ താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുകയും ചെയ്തു.

കോട്ടയം സ്വദേശിയും ബിസിനസ്സുകാരനുമായ അശ്വിന്‍ ഫിലിപ്പാണ് മിയയുടെ വരന്‍. ഇക്കഴിഞ്ഞ ജൂണില്‍ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നിരുന്നു. സെപ്തംബറിലായിരിക്കും വിവാഹം. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് മിയയുടെ മനസമ്മത വീഡിയോ. കൊവിഡ് പശ്ചാത്തലമായതിനാല്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തത്.

മിയയുടെ സഹോദരി ജിനിയുടെ യുട്യൂബ് ചാനലിലൂടെയാണ് ആരാധകര്‍ക്കായി വിവാഹനിശ്ചയ വീഡിയോ പുറത്തുവിട്ടത്. വീഡിയോയുടെ ചിത്രീകരണവും എഡിറ്റിങുമൊക്കെ നിര്‍വഹിച്ചിരിക്കുന്നത് ജിനിയും ഭര്‍ത്താവും ചേര്‍ന്നാണ്.

മലയാള സിനിമയ്ക്ക് മികച്ച കഥാപാത്രങ്ങളെ നല്‍കുന്ന താരമാണ് മിയ ജോര്‍ജ്. കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ മിയ ടെലിവിഷന്‍ സ്‌ക്രീനിലൂടെയാണ് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയത്. സിനിമകളിലൂടെ ആ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

ഡോക്ടര്‍ ലവ്, ഈ അടുത്തകാലത്ത്, റെഡ് വൈന്‍, അനാര്‍ക്കലി, ബോബി, വിശുദ്ധന്‍, ബ്രദേഴ്‌സ് ഡേ, അല്‍ മല്ലു, പട്ടാഭിരാമന്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ മിയ ജോര്‍ജ് പ്രധാന കഥാപാത്രമായെത്തിയിട്ടുണ്ട്.

Story highlights: Actress Miya George and Ashwin  Betrothal video