അഞ്ചുമാസങ്ങൾക്ക് ശേഷം രാത്രിയാത്രയ്ക്ക് അനുമതി; രാജ്യത്ത് അൺലോക്ക് 3.0 ഇന്നുമുതൽ
രാജ്യത്ത് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച അൺലോക്ക് 3.0 ഇന്നുമുതൽ നിലവിൽ വരും. കേന്ദ്ര സർക്കാർ മാർഗ നിർദേശങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിച്ചിരുന്നു. കാര്യമായ ഇളവുകൾ ഇല്ലെങ്കിലും രാത്രിയാത്ര ഇനി തുടരാം. അഞ്ചുമാസങ്ങൾക്ക് ശേഷമാണ് രാത്രിയാത്രക്ക് അനുമതി ലഭിക്കുന്നത്. വരാനിരിക്കുന്ന പ്രധാന ദിനമായ സ്വാതന്ത്ര്യദിനാഘോഷം കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ചെറിയതോതിൽ നടത്താൻ അനുമതിയുണ്ട്.
ജിം, യോഗ സെന്ററുകൾ എന്നിവ ഓഗസ്റ്റ് അഞ്ചുമുതലാണ് പ്രവർത്തനം ആരംഭിക്കുന്നത്. ജിമ്മുകൾ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ വരാനിരിക്കുന്നതേയുള്ളൂ എന്നും അതനുസരിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. അതേസമയം, സ്കൂളുകളും മറ്റു പഠന സ്ഥാപനങ്ങളും ഓഗസ്റ്റ് 31 വരെ അടഞ്ഞുതന്നെ കിടക്കും.
സ്വിമ്മിങ് പൂൾ,പാർക്കുകൾ, തിയേറ്ററുകൾ,ബാറുകൾ, മാളുകൾ എന്നിവയ്ക്കുള്ള നിയന്ത്രണം തുടരും. വന്ദേഭാരത് മിഷൻ മാത്രമേ വിമാന സർവീസുകളിൽ ഉണ്ടാകൂ. മറ്റ് അന്താരാഷ്ട്ര സർവീസുകൾ ഇപ്പോൾ ആരംഭിക്കില്ല. രാഷ്ട്രീയ, സാംസ്കാരിക, മത- സാമുദായിക പരിപാടികൾക്കും നിയന്ത്രണം തുടരും.
കുട്ടികൾ, ഗർഭിണികൾ, 65 വയസിന് മേലെയുള്ളവർ, രോഗബാധിതർ എന്നിവർ വീടുകളിൽ തന്നെ തുടരണം. ഇവർക്കുള്ള യാത്രാവിലക്ക് തുടരും.
Story highlights- Unlock 3.0 from august 1