വെള്ളരിപ്രാവിന്റെ ചങ്ങായിമാര്‍; ഇത് കാലം കരുതിവെച്ച കൂട്ടുകെട്ട്
‘സൂഫിയും സുജാതയും’ എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതിന് മുമ്പേ ആസ്വാദകര്‍ ഏറ്റെടുത്തതാണ് ചിത്രത്തിലെ ‘വാതിക്കല് വെള്ളരിപ്രാവ്’ എന്നു തുടങ്ങുന്ന ഗാനം. പാട്ട് ഹിറ്റായതോടെ ‘വെള്ളരിപ്രാവുകളായി’ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞവരും നിരവധിയാണ്. അത്രമേല്‍ ജനസ്വീകാര്യത നേടുന്നുണ്ട് ഈ ഗാനം. ഒരു കോടിയിലധികം പ്രേക്ഷക മനസ്സുകളിലേക്കാണ് യുട്യൂബിലൂടെ മാത്രം വാതില്‍ക്കലെ വെള്ളരിപ്രാവ് ചിറകു വിടര്‍ത്തി പറന്നത്.
എം ജയചന്ദ്രന്‍ മനോഹരമായ ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നു. അര്‍ജുന്‍ കൃഷ്ണ, നിത്യ മാമ്മന്‍, സിയ ഉല്‍ ഹഖ് എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. ഗായകര്‍ക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. ഈ ചിത്രത്തിന് അദ്ദേഹം നല്‍കിയ അടിക്കുറിപ്പും ശ്രദ്ധ നേടുന്നു. ‘വെള്ളരിപ്രാവിന്റെ ചങ്ങായിമാര്‍ …കാലം കരുതി വച്ച കൂട്ടുകെട്ട് ….നിത്യ മാമന്‍ ,അര്‍ജ്ജുന്‍, സിയ ഉള്‍ ഹഖ് എന്നിവരോടൊപ്പം…’ എന്നു കുറിച്ചുകൊണ്ടാണ് എം ജയചന്ദ്രന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.
ജയസൂര്യയെ നായകനാക്കി വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ഒരുക്കിയ ചിത്രമാണ് ‘സൂഫിയും സുജാതയും’. അദിതി റാവു ചിത്രത്തില്‍ നായികയായെത്തി. പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം ഇഴചേര്‍ത്ത് ഒരുക്കിയ ചിത്രത്തിലെ ചില രംഗങ്ങളും ഗാനവുമെല്ലാം മികച്ച സ്വീകാര്യത നേടി.
Read more: കാഴ്ചയില്‍ കൊഴിഞ്ഞ ഒരു ഇല; പക്ഷെ നിമിഷങ്ങള്‍ക്കുള്ളില്‍ മനോഹരമായ ഒരു ചിത്രശലഭം: അപൂര്‍വ്വകാഴ്ച
ലോക്ക് ഡൗണ്‍ പശ്ചാതലത്തില്‍ സൂഫിയും സുജാതയും എന്ന ചിത്രത്തിന് തിയേറ്റര്‍ റിലീസ് നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തിയത്. സുജാത എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അദിതി റാവു ഹൈദരി എത്തുന്നത്. സംസാര ശേഷിയില്ലാത്ത സൂജാതയെ അദിതി റാവു പരിപൂര്‍ണ്ണതയില്‍ അവതരിപ്പിച്ചു. സുജാത എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവായി ചിത്രത്തില്‍ ജയസൂര്യ എത്തി.
നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. സിദ്ദിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തി.
Story highlights: Vathikkalu Vellaripravu song team