തണുത്ത് വിറച്ച തെരുവ് നായയെ സ്കാർഫ് ഊരി പുതപ്പിച്ച് യുവതി; വൈറൽ വീഡിയോ

സഹജീവി സ്നേഹത്തിന്റെ മാതൃകയായി മാറിയ ഒരു യുവതിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഴയത്ത് തണുത്ത് വിറച്ച് കിടക്കുന്ന ഒരു തെരുവ് നായയ്ക്ക് തന്റെ സ്കാർഫ് ഊരി നൽകുന്ന യുവതിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. തുർക്കിയിൽ നിന്നുള്ള ദുയ്ഗു എൽമ എന്ന യുവതിയാണ് ഈ നന്മ നിറഞ്ഞ പ്രവർത്തി ചെയ്ത് സോഷ്യൽ മീഡിയയുടെ പ്രശംസ ഏറ്റുവാങ്ങിയിരിക്കുന്നത്.
തുർക്കിയിൽ ഒരു ഓൺലൈൻ മാധ്യമത്തിൽ കഴിഞ്ഞ വർഷം പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. തെരുവ് നായയെ സ്വന്തം സ്കാർഫ് ഊരി പുതപ്പിക്കുന്ന യുവതിയ്ക്ക് അഭിന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇത്തരത്തിൽ സഹജീവി സ്നേഹത്തിന്റെ ആഴവും പരപ്പുമെല്ലാം വ്യക്തമാക്കുന്ന നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അടുത്തിടെ ദാഹിച്ചുവലഞ്ഞ പൂച്ചകുഞ്ഞിന് ടാപ്പിൽ നിന്നും വെള്ളം കോരി നൽകുന്ന ഒരു യുവാവിന്റെ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നായയ്ക്ക് ടാപ്പിൽ നിന്നും വെള്ളം കോരി നൽകുന്ന വൃദ്ധന്റെ മറ്റൊരു വീഡിയോയും സുശാന്ത നന്ദ സമൂഹ മാധ്യമങ്ങളിൽ നേരത്തെ പങ്കുവെച്ചിരുന്നു. ടാപ്പിൽ നിന്നും കൈക്കുമ്പിളിൽ വെള്ളം കോരി കൊണ്ടുവന്ന് നൽകുന്നതുവരെ നായ ക്ഷമയോടെ കാത്തുനിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
Story Highlights: Woman helping stray dog