മുത്തശ്ശിയെ കേക്കുണ്ടാക്കാൻ സഹായിക്കാനെത്തിയ കൊച്ചുമിടുക്കൻ; പാചകം ഒടുവിൽ രസകരമായ മൽപ്പിടുത്തത്തിലേക്ക്- ചിരി വീഡിയോ

ലോക്ക് ഡൗൺ സമയത്ത് പാചക പരീക്ഷണങ്ങൾ ചെയ്യാത്തവർ ചുരുക്കമാണ്. ബേക്കറിയിൽ നിന്നും മാത്രം കഴിച്ചിട്ടുള്ള വിവിധ പലഹാരങ്ങൾ യൂട്യൂബിന്റെ സഹായത്തോടെ എല്ലാവരും വീടുകളിൽ തയ്യാറാക്കി. ചിലർ യൂട്യൂബ് ചാനൽ തന്നെ പാചകത്തിനായി ആരംഭിച്ചിരുന്നു. നിരവധി കുട്ടികളും ഇങ്ങനെ രസകരമായ പാചക വിശേഷങ്ങളുമായി എത്തി ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ മുത്തശ്ശിക്കൊപ്പം കേക്കുണ്ടാക്കുന്ന ഒരു കുസൃതിക്കാരനാണ് സമൂഹമാധ്യമങ്ങളുടെ ഇഷ്ടം നേടുന്നത്.
മുത്തശ്ശിക്കൊപ്പം കേക്കുണ്ടാക്കുകയാണ് കുട്ടി. കേക്കുണ്ടാക്കാനുള്ള സാധനങ്ങൾ മുത്തശ്ശി പാത്രത്തിലേക്ക് ഇടുന്നതൊക്കെ നോക്കിനിന്നിട്ട് അതിലും വേഗത്തിൽ വായിലാക്കുകയാണ്. ബട്ടറും പഞ്ചസാരയുമൊക്കെ ബലംപ്രയോഗിച്ച് വാരികഴിക്കാനാണ് കുട്ടി ശ്രമിക്കുന്നത്. കേക്ക് ഉണ്ടാക്കും മുൻപ് തന്നെ എല്ലാം കുട്ടി അകത്താക്കുമെന്നാണ് വീഡിയോക്ക് ലഭിക്കുന്ന കമന്റുകൾ. ഇതുവരെ പതിനൊന്നുലക്ഷം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു.
‘അത് കഴിക്കരുത്’ എന്ന് പറഞ്ഞ് മുത്തശ്ശി തടയുന്നുണ്ടെങ്കിലും അതിനു മുൻപ് തന്നെ കുട്ടി സാധനങ്ങൾ എല്ലാം അകത്താക്കിക്കഴിയും. ഏറ്റവും രസകരം, മുത്തശ്ശിയും കൊച്ചുമകനും തമ്മിലുള്ള ബലപ്രയോഗമാണ്. ബ്രൗൺ ഷുഗറൊക്കെ കുട്ടി വാരികഴിക്കുമ്പോൾ തിരികെ വാങ്ങാൻ മുത്തശ്ശി ശ്രമിക്കുന്നുണ്ട്. പക്ഷെ, അതിനേക്കാൾ ശക്തിയിൽ പാത്രത്തിൽ നിന്നും വാരികഴിക്കുകയാണ് മിടുക്കൻ. കേക്ക് ഉണ്ടാക്കുന്നത് കാണാൻ സാധിക്കില്ലെങ്കിലും കുട്ടിയുടെ കുസൃതി കണ്ട് ചിരിയടക്കാനാകാതെ നിൽക്കുകയാണ് സൈബർ ലോകം.
Story highlights- 2 year old boy baking cake with grandmother