സിബി മലയിൽ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും
ആസിഫ് അലിയെ നായകനാക്കി സിബി മലയിൽ ചിത്രം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും. കോഴിക്കോടാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം നടക്കുക. ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നവാഗതനായ ഹേമന്ദിന്റേതാണ്.
സമ്മർ ഇൻ ബത്ലഹേമിന് ശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണിത്. ഇത്തവണ രഞ്ജിത്ത് നിർമാതാവിന്റെ വേഷത്തിലാണ്. ആസിഫ് അലിക്കൊപ്പം മറ്റൊരു യുവതാരവും എത്തുന്നുണ്ട്. വീണ്ടും സിബി മലയിലിനൊപ്പം പ്രവർത്തിക്കുന്ന സന്തോഷം സിനിമാ പ്രഖ്യാപിച്ചപ്പോൾ രഞ്ജിത്ത് പങ്കുവെച്ചിരുന്നു.
‘ഇരുപത്തിരണ്ട് വർഷം മുൻപ് ഈ ദിവസം ഇതിലൊരാൾ തിരക്കഥാകൃത്തും ഒരാൾ സംവിധായകനുമായി സമ്മർ ഇൻ ബത്ലഹേം പുറത്തിറങ്ങി. ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം അതിലൊരാൾ നിർമാതാവും മറ്റൊരാൾ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വർഷം ആരംഭിക്കുകയാണ്’- രഞ്ജിത്തിന്റെ വാക്കുകൾ.
Read More: ‘സൂരരൈ പോട്രി’ന് പിന്നാലെ അണിയറയിൽ ഒരുങ്ങുന്ന സൂര്യയുടെ മൂന്നു ചിത്രങ്ങൾ
പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രശാന്ത് രവീന്ദ്രനാണ്. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ. അതേസമയം, സംവിധാനം ചെയ്യുന്ന ‘മഹേഷും മാരുതിയും’ എന്ന ചിത്രവും ആസിഫ് അലി നായകനായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. മാത്തുക്കുട്ടി സംവിധാനം ചെയ്ത കുഞ്ഞെൽദോയാണ് ആസിഫ് അലി അവസാനമായി അഭിനയിച്ച ചിത്രം.