ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ ഇടം നേടിയ ഏക സിനിമാതാരമായി ആയുഷ്മാൻ ഖുറാന
സ്റ്റീരിയോടൈപ്പുകളെ തകർത്ത് ബോളിവുഡിൽ സ്വന്തമായൊരിടം കണ്ടെത്തിയ താരമാണ് ആയുഷ്മാൻ ഖുറാന. പ്രയത്നം കൊണ്ട് സിനിമയിലെത്തിയ താരം ആദ്യ ചിത്രമായ വിക്കി ഡോണർ മുതൽതന്നെ വ്യത്യസ്ത പ്രമേയങ്ങൾക്കാണ് പ്രധാന്യം നൽകിയത്. ഇപ്പോഴിതാ, ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയിലും ആയുഷ്മാൻ ഖുറാന ഇടംനേടിയിരിക്കുകയാണ്. ടൈംസ് മാഗസിന്റെ 2019ലെ പട്ടികയിലാണ് താരം ഇടംനേടിയത്. ആയുഷ്മാൻ ഖുറാന തന്നെ ഇക്കാര്യം ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നു.
ഒരു കലാകാരനെന്ന നിലയില്‍ ലഭിച്ച അംഗീകരാത്തില്‍ അഭിമാനിക്കുന്നുവെന്നും സമൂഹത്തില്‍ നല്ല മാറ്റം കൊണ്ടുവരിക എന്നത് മാത്രമാണ് സിനിമയിലൂടെ ഞാന്‍ ലക്ഷ്യം വെച്ചതെന്നും ആയുഷ്മാൻ ഖുറാന പറയുന്നു.2018ലെ പട്ടികയിൽ ഇടം നേടിയ ദീപിക പദുക്കോണാണ് ആയുഷ്മാൻ ഖുറാനയെ കുറിച്ച് മാഗസിനിൽ എഴുതിയിരിക്കുന്നത്.
നായകന്മാര്‍ സ്റ്റീരിയോടെെപ്പുകളാകുമ്പോൾ ആയുഷ്മാന്‍ അതിനെയെല്ലാം വിജയകരമായി വെല്ലുവിളിക്കുകയായിരുന്നുവെന്ന് ദീപിക പറയുന്നു. വിക്കി ഡോണറിന് മുൻപ് തന്നെ ടെലിവിഷൻ രംഗത്ത് സജീവമായിരുന്നെങ്കിലും ആയുഷ്മാൻറെ കഥാപാത്രങ്ങളിലൂടെയാണ് എല്ലാവരും അദ്ദേഹത്തെ ശ്രദ്ധിക്കാൻ തുടങ്ങിയതെന്ന് ദീപിക കുറിക്കുന്നു.
‘അന്ധാദുൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ആയുഷ്മാൻ ഖുറാന സ്വന്തമാക്കിയിരുന്നു. റിയാലിറ്റി ഷോയിലൂടെ ടെലിവിഷൻ രംഗത്തേക്ക് എത്തിയ ആയുഷ്മാൻ അവതാരകൻ, ഗായകൻ എന്നീ നിലയിലും ശ്രദ്ധേയനാണ്. അതേസമയം, പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, സുന്ദർ പിച്ചൈ എന്നിവരും ഇടം നേടിയിട്ടുണ്ട്.
Story highlights- ayushman khurana in times list for most influential people