ആരോഗ്യത്തിനൊപ്പം വരുമാനവും വർധിപ്പിക്കാം; ചില്ലക്കാരല്ല ഇൻഡോർ പ്ലാന്റ്സ്
വീട്ട് മുറ്റത്തൊരു പൂന്തോട്ടം ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. എന്നാൽ ജീവിത സാഹചര്യങ്ങൾ മാറി ഫ്ളാറ്റുകളിലേക്കും അപ്പാർട്ട്മെന്റുകളിലേക്കുമൊക്കെ താമസം ആരംഭിച്ചതോടെ പൂന്തോട്ടം എന്നത് വെറുമൊരു സങ്കൽപം മാത്രമായി മാറി. എന്നാൽ ഇതിനൊരു പരിഹാരം എന്ന നിലയിലാണ് ഇൻഡോർ പ്ലാന്റുകൾ ഒരുക്കുന്നത്. വീടിനകത്ത് ചെടികൾ വയ്ക്കുന്നത് ഭംഗിയ്ക്ക് വേണ്ടി മാത്രമല്ല മറ്റ് പലതിനും ഗുണം ചെയ്യും.
ഇതിൽ ഏറ്റവും പ്രധാനമായത് ആരോഗ്യ കാര്യത്തിൽ ഇത്തരം ചെടികൾ ചെലുത്തുന്ന പങ്കാണ്. ക്ഷീണം, ചുമ, തൊണ്ട വേദന, ജലദോഷ സംബന്ധമായ രോഗങ്ങള്‍ എന്നിവയെ മുപ്പതു ശതമാനം വരെ തടയാന്‍ ഇന്റീരിയര്‍ പ്ലാന്റ്‌സിനു കഴിവുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. അതിന് പുറമെ മാനസിക പിരിമുറുക്കം കുറയ്ക്കാനും ശ്രദ്ധ കൂട്ടാനും സന്തോഷം പ്രദാനം ചെയ്യാനുമൊക്കെ സഹായിക്കും ഇത്തരം ഇൻഡോർ പ്ലാന്റുകൾ. ഇതിന് പുറമെ സുഖകരമായ ഉറക്കം നൽകുന്നതിനായി ഇത്തരം ചെടികൾ കിടപ്പ് മുറിയിൽ വയ്ക്കുന്നവരും നിരവധിയാണ്.
ആരോഗ്യത്തിന് ഒപ്പം തന്നെ ഇൻഡോർ പ്ലാന്റിങ്ങിനെ നല്ലൊരു വരുമാന മാർഗമായി കാണുന്നവരും നിരവധിയാണ്. 150 രൂപ മുതല്‍ നാലായിരം രൂപരെയുള്ള അലങ്കാരച്ചെടികള്‍ ഇന്നു വിപണിയിൽ ലഭ്യമാണ്. ഇത്തരം ചെടികൾക്ക് ആവശ്യക്കാരും ഏറെയാണ്. മനസ്സുവെച്ചാല്‍ ബാല്‍ക്കണിയിലേയോ ടെറസിലെയോ ഇത്തിരി സ്ഥലത്തും മനോഹരമായ പൂന്തോട്ടമൊരുക്കാം. ഒട്ടും അനുകൂല ഘടകങ്ങളില്ലാത്ത ബാല്‍ക്കണിയെ പോലും സന്തോഷ പ്രദവും സൗകര്യപ്രദവുമായ ഗാര്‍ഡനിംഗ് സ്‌പേസാക്കി മാറ്റാൻ ഇത്തരം ചെടികൾക്ക് കഴിയും.
Story Highlights:benefits of indoor plants