‘ഇരുട്ടുമാറി പ്രകാശം വരികതന്നെ ചെയ്യും ആകാശത്ത് മാത്രമല്ല അതിനേക്കാള്‍ വിശാലമായ മനസ്സിലും’- മണിയറയിലെ അശോകന്‍ പുതിയ ടീസറില്‍ നസ്രിയയും

September 4, 2020
Maniyarayile Ashokan New Teaser

പാട്ടുകള്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ചിത്രമാണ് മണിയറയിലെ അശോകന്‍. തിരുവോണ ദിനത്തില്‍ ചിത്രം പ്രേക്ഷകരിലേക്കെത്തി. ചിത്രത്തിന്റെ പുതിയ ടീസര്‍ ശ്രദ്ധ നേടുന്നു. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും അനു സിതാരയും അഥിതി വേഷത്തിലെത്തുന്നു എന്ന വിവരം അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ പുതിയ ടീസറില്‍ മറ്റൊരു അതിഥി താരത്തേയും കാണാം. മലയാളികളുടെ പ്രിയതാരം നസ്രിയ.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് മണിയറയിലെ അശോകന്‍. ചിത്രത്തിന്റെ അണിയറയില്‍ അധികവും പുതുമുഖങ്ങളാണ്. നവാഗതനായ ഷംസു സെയ്ബയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് ബോജിയുടേതാണ് ചിത്രത്തിന്റെ കഥ. വിനീത് കൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. ജേക്കബ് ഗ്രിഗറിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ അനുപമ പരമേശ്വരന്‍, കൃഷ്ണ ശങ്കര്‍, ഇന്ദ്രന്‍സ്, സണ്ണി വെയ്ന്‍, സുധീഷ്, നയന, ശ്രീദ ശിവദാസ്, വിജയരാഘവന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അതേസമയം നെറ്റ്ഫ്ളിക്സില്‍ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് മണിയറയിലെ അശോകന്‍. തിരുവോണ ദിനമായ ആഗസ്റ്റ് 31 നാണ് ചിത്രം നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രത്തിലെ മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ എന്ന ഗാനം ആലപിച്ചിരിക്കുന്നതും ദുല്‍ഖര്‍ സല്‍മാനാണ്.

Story highlights: Maniyarayile Ashokan New Teaser