മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍
മുടികൊഴിച്ചില്‍ ഇക്കാലത്ത് പലരേയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ്. പോഷകങ്ങളുടെ അഭാവവും കാലാവസ്ഥയിലെ മാറ്റങ്ങളും ജീവിതശൈലിയുമൊക്കെ മുടി കൊഴിച്ചിലിന് കാരണമാകുന്നു. എന്നാല്‍ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരു പരിധി വരെ മുടി കൊഴിച്ചില്‍ പരിഹരിക്കാന്‍ സാധിക്കും. അത്തരം ചില ഭക്ഷണസാധനങ്ങളെ പരിചയപ്പെടാം.
മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ബദാം. മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട് ബദാമില്‍. മുടിയുടെ കരുത്തിനും ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണ് മഗ്നീഷ്യം എന്ന ഘടകം. അതുകൊണ്ടുതന്നെ ബദാം ഭക്ഷണത്തിന്റെ ഭാഗമാക്കാം. ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമായ ഓട്‌സും മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. സിങ്ക്, ഒമേഗ- 6 ഫാറ്റി ആസിഡുകള്‍, അയണ്‍, പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ എന്നിവയെല്ലാം ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. ഇവ തലമുടിക്ക് കൂടുതല്‍ കരുത്ത് പകരുന്നു.
മത്സ്യവും കൃത്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരു പരിധിവരെ തലമുടി പൊഴിയുന്നത് കുറയ്ക്കാന്‍ സാധിക്കും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമടങ്ങിയിരിക്കുന്ന മത്തിയടക്കമുള്ള ചെറുമത്സ്യങ്ങള്‍ ആണ് കുടുതല്‍ ഉത്തമം. മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് തൈര്. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി-5 എന്നിവയെല്ലാം തൈരില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങളും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
Story highlights: Diet tips to reduce hair fall