ഇങ്ങനെയും വീട് പണിയാം; കൗതുകക്കാഴ്ചയായി ചെളി നിറച്ച ബാഗുകൾകൊണ്ട് പണിത വീട്
പ്രകൃതിയെ വേദനിപ്പിക്കാത്ത നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ച് പണിതുയർത്തുന്ന വീടുകൾ ഇന്ന് നാം കാണാറുണ്ട്. മണ്ണും മരവും മുളയുമൊക്കെ വെച്ചാണ് ഇത്തരത്തിൽ വീടുകൾ നിർമിക്കുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ഈ എർത്ത് ബാഗ് വീട്. ചെളി നിറച്ച ബാഗുകൾ ഉപയോഗിച്ചാണ് ഈ വീട് പണിതിരിക്കുന്നത്. ആർകിടെക്റ്റ് സംയുക്തയാണ് ഈ വ്യത്യസ്തമായ എർത്ത് ബാഗ് വീടിന് പിന്നിൽ.
തന്റെ വീട് അല്പം വ്യത്യസ്തവും പ്രകൃതിയോട് ചേർന്ന് നിൽക്കുന്നതും ആകണം എന്ന ആഗ്രഹത്തിൽ നിന്നാണ് ഈ സുന്ദരമായ വീടൊരുങ്ങിയത്. തമിഴ്നാട്ടിലെ വള്ക്കുപുരയിലാണ് പ്രകൃതിയെ വേദനിപ്പിക്കാത്ത ഈ വീട് നിർമിച്ചിരിക്കുന്നത്. സിമെന്റോ കമ്പിയോ ഒന്നും ഉപയോഗിക്കാതെയാണ് ഈ വീട് നിർമ്മിച്ചത്. ചെറിയ വിലയ്ക്ക് ലഭിക്കുന്ന ബാഗുകളിൽ ചെളി നിറച്ചാണ് ഈ വീടിന്റെ ഭിത്തി ഒരുക്കിയത്. ഇത്തരം ബാഗുകളിലെ ഈർപ്പം പൂർണമായും കളഞ്ഞ ശേഷമാണ് ഈ വീടിന്റെ ഭിത്തിയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. പ്രകൃതിയോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ഇത്തരം വീടുകൾ താമസത്തിന് ഏറ്റവും അനുയോജ്യമാണ്. അതിന് പുറമെ വേഗത്തിൽ പണിയാം എന്നതും ഈ വീടിന്റെ പ്രത്യേകതയാണ്.
വീടിന്റെ മേൽക്കൂരയ്ക്ക് മാംഗ്ലൂർ ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്. ചെളിയും മണ്ണും ഉപയോഗിച്ച് തന്നെയാണ് വീടിന്റെ ഫ്ലോറും ഒരുക്കിയത്. അതിന് പുറമെ വീടിനകത്ത് തണുപ്പ് ലഭിക്കാനും മണ്ണ് നിറച്ച ഭിത്തികൾ സഹായിക്കും. അതുകൊണ്ടുതന്നെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് ഈ വീടിന്റെ നിർമ്മാണം. മറ്റ് നിർമ്മാണ രീതികളെ അപേക്ഷിച്ച് വളരെയധികം ചിലവ് കുറഞ്ഞ രീതിയിൽ ആണ് ഈ വീട് നിർമിച്ചിരിക്കുന്നത്.
Story Highlights: Earth bag house