കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
September 6, 2020
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരുന്ന രണ്ട് ദിവസത്തേക്കാണ് മഴ മുന്നറിയിപ്പുള്ളത്. തെക്കൻ കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടത്തിന്റെ പശ്ചാത്തലത്തിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തെക്കൻ കേരളത്തിലായിരിക്കും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
അതേസമയം ഇന്ന് കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ 45-55 കിലോമീറ്റർ വേഗതയിലുള്ള ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ട്.
Story Highlights: Heavy Rain alert