ദീപാവലി ദിനത്തിൽ ‘ലക്ഷ്മി ബോംബു’മായി അക്ഷയ് കുമാർ എത്തുന്നു

September 17, 2020

രാഘവാ ലോറൻസ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘ലക്ഷ്മി ബോംബ്’ ദീപാവലിക്ക് ഡിസ്‌നി ഹോട്സ്റ്റാറിൽ റിലീസ് ചെയ്യുന്നു. അക്ഷയ് കുമാർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ‘ലക്ഷ്മി ബോംബ്’ തമിഴ് ഹൊറർ ചിത്രമായ കാഞ്ചനയുടെ റീമേക്ക് ആണ്.

125 കോടി രൂപയ്ക്കാണ് ഡിസ്നി ‘ ലക്ഷ്മി ബോംബ്’ സ്വന്തമാക്കിയത്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പരമാവധി 70 കോടി വരെയാണ് ചിത്രങ്ങൾക്ക് ലഭിച്ചിരുന്നത്. ‘ ലക്ഷ്മി ബോംബ്’ നേരിട്ട് ഓടിടി റിലീസിന് എത്തുന്നതുകൊണ്ടാണ് റെക്കോർഡ് തുക നിർമാതാക്കൾ ഈടാക്കിയത്.  മറ്റ് സിനിമകളെ അപേക്ഷിച്ച് റിലീസിന് മുൻപ് നൂറുകോടി ക്ലബ്ബിൽ ഇടംനേടിയ ചിത്രമെന്ന ഖ്യാതിയോടെയാണ് ‘ലക്ഷ്മി ബോംബ്’ റിലീസിന് എത്തുന്നത്.

ദീപാവലി ദിനത്തിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്ന് അക്ഷയ് കുമാറാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കിയാരാ അദ്വാനിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഓൺലൈൻ റിലീസുകൾ ഇന്ത്യൻ സിനിമാ മേഖലയിലും കൊവിഡ് കാലത്ത് ചുവടുറപ്പിക്കുകയാണ്. സാമൂഹിക വ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ തിയേറ്ററുകൾ തുറക്കാനും സജീവമായി റിലീസുകൾ ഉണ്ടാകാനും ഇനിയും കാലതാമസമുണ്ട്. അതുകൊണ്ട് തന്നെ ആമസോൺ പ്രൈം, ഡിസ്നി ഹോട് സ്റ്റാർ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളെ ഇരുകയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു സിനിമാ പ്രേമികളും, നിർമാതാക്കളും.

Story highlights- laxmi bomb deepavali release