ഏഴുവർഷങ്ങൾക്ക് ശേഷം ജോർജുകുട്ടിയായി മോഹൻലാൽ- ശ്രദ്ധ നേടി ‘ദൃശ്യം 2’ ലുക്ക്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 2. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. സെപ്റ്റംബർ 21ന് ആരംഭിച്ച ദൃശ്യം 2 ചിത്രീകരണത്തിൽ പങ്കെടുക്കാൻ മോഹൻലാലും എത്തി. ജോർജുകുട്ടിയുടെ പുത്തൻ ലുക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ആദ്യ ഭാഗത്ത് ക്ലീൻ ഷേവ് ആയിരുന്നെങ്കിലും ഭാഗത്തിൽ താടി നീട്ടിയ ലുക്കിലാണ് മോഹൻലാൽ. ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂർ എന്നിവർക്കൊപ്പം നിൽക്കുന്ന മോഹൻലാലിൻറെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.
ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി താരങ്ങളെല്ലാം കൊവിഡ് പരിശോധന പൂർത്തിയാക്കിയിരുന്നു. ജീത്തു ജോസഫ് തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന ദൃശ്യം 2 ഒന്നാം ഭാഗത്തിന്റെ തുടർച്ചയല്ല. മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ എന്നിവരാണ് കുടുംബാംഗങ്ങളായി എത്തുന്നത്. ആശ ശരത്ത്, സിദ്ദിഖ്, സായ് കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്,അഞ്ജലി നായർ, ആദം അയൂബ്, അജിത് കൂത്താട്ടുകുളം എന്നിവരും ദൃശ്യം 2 വിൽ വേഷമിടുന്നു. കൊച്ചിയിലും തൊടുപുഴയിലുമായാണ് ചിത്രീകരണം.
അതേസമയം, ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ദൃശ്യം 2-ന്റെ ചില ഭാഗങ്ങള്‍ ജീത്തു ജോസഫ് മാറ്റിയെഴുതിയിട്ടുണ്ട്. ‘ചിത്രത്തിലെ ഒരു സീന്‍ വായിച്ചപ്പോള്‍ വളരെ ജനക്കൂട്ടമുള്ള ഒരു രംഗം അതില്‍ ഞാന്‍ എഴുതിയിരിക്കുന്നത് കണ്ടു. ജനക്കൂട്ടവും ബഹളവുമൊക്കെയുള്ള സീന്‍. പെട്ടെന്ന് ഞാനോര്‍ത്തു, ഈ ലോക്ക്ഡൗണും കൊറോണയും ഇങ്ങനെ പോകുന്ന സമയത്ത് ഞാനിതെങ്ങനെ ഷൂട്ട് ചെയ്യും. അത് നടക്കില്ല. അവിടെ വെച്ച് ഞാന്‍ നിറുത്തി. പക്ഷേ ഉര്‍വശീശാപം ഉപകാരം എന്നു പറഞ്ഞതുപോലെ വേറൊരു ഐഡിയ വന്നു’. ജീത്തു ജോസഫിന്റെ വാക്കുകൾ.
Read More: പർപ്പിളിൽ തിളങ്ങി മാളവിക മേനോൻ; മേക്കോവർ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
മോഹൻലാൽ, തൃഷ എന്നിവരെ താരങ്ങളാക്കി ജീത്തു സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായിരുന്നു കൊവിഡിന് തൊട്ടുമുൻപ് ജീത്തു ജോസഫ്. എന്നാൽ, വിദേശത്ത് ചിത്രീകരിക്കാനുള്ള രംഗങ്ങൾ ഉള്ളതുകൊണ്ട് കേരളത്തിൽ മാത്രം ചിത്രീകരിക്കാവുന്ന ദൃശ്യം 2ന്റെ പണിപ്പുരയിലേക്ക് കടക്കുകയായിരുന്നു ജീത്തു ജോസഫ്.
Story highlights- mohanlal drishyam 2 look