‘കർഷകനല്ലേ, ഒന്നു കളപറിക്കാൻ ഇറങ്ങിയതാ’- കൃഷിയിൽ സജീവമായി മോഹൻലാൽ

ലോക്ക് ഡൗണിൽ കൃഷികളുമായി തിരക്കിലാണ് പല താരങ്ങളും. മമ്മൂട്ടി, ജയറാം എന്നിവരൊക്കെ കൃഷി വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, എളമക്കരയിലെ വീട്ടിൽ തനി നാടൻ കർഷകനായി വിളവെടുക്കുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

എളമക്കരയിലെ വീടിനോട് ചേർന്ന അര ഏക്കർ സ്ഥലത്താണ് മോഹൻലാൽ കൃഷി ഇറക്കിയിരിക്കുന്നത്. ചെന്നൈയിൽ നിന്നും രണ്ടുമാസം മുൻപ് മടങ്ങിയെത്തിയതിന് പിന്നാലെ കൃഷിയിൽ സജീവമാകുകയായിരുന്നു മോഹൻലാൽ. പൂർണമായും ജൈവവളം മാത്രം ഉപയോഗിച്ചുള്ള കൃഷിയാണ്.

വിഷമില്ലാത്ത പച്ചക്കറിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് മോഹൻലാൽ. വെണ്ടയും, വഴുതനയുമൊക്കെയാണ് അദ്ദേഹത്തിനെ കൃഷിയിടത്തിൽ വിളഞ്ഞിരിക്കുന്നത്. നേരത്തെതന്നെ കൃഷികൾ ആരംഭിച്ചെങ്കിലും മോഹൻലാൽ നേരിട്ട് സജീവമാകുന്നത് ഇപ്പോഴാണ്.

അതേസമയം, ദൃശ്യം 2ന്റെ ചിത്രീകരണത്തിരക്കിലേക്ക് ചേക്കേറുകയാണ് മോഹൻലാൽ. കൊച്ചിയിലും തൊടുപുഴയിലുമായി ഷൂട്ടിംഗ് നടക്കുന്നതുകൊണ്ട് കൃഷിയിടത്തിലേക്ക് മോഹൻലാലിന് മടങ്ങിയെത്താനും സമയം ലഭിക്കും.

സെപ്റ്റംബർ 21നാണ് ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചത്. രണ്ടാം ഭാഗത്തിൽ മോഹൻലാലിനും മീനയ്ക്കും പുറമെ ആദ്യഭാഗത്തെ താരങ്ങൾ തന്നെയാണ് അണിനിരക്കുന്നത്. ആദ്യ ഭാഗം ഒരു കുടുംബം കൊലപാതകവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രതിസന്ധികളായിരുന്നു. എന്നാൽ രണ്ടാം ഭാഗം തികച്ചും കുടുംബചിത്രമായിരിക്കുമെന്നും ആദ്യഭാഗത്തിന്റെ തുടർച്ചയായിരിക്കില്ല എന്നും സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു.
Story highlights- mohanlal organic farming