ഐപിഎൽ ആവേശത്തിൽ ക്രിക്കറ്റ് ലോകം; ബാറ്റിംഗ് മുംബൈ ഇന്ത്യൻസിന്

September 19, 2020

ഐ പി എൽ എന്നും ക്രിക്കറ്റ് ആരാധകർക്ക് ആവേശത്തിന്റെ ദിനങ്ങളാണ്… എന്നാൽ കൊറോണ വൈറസ് വ്യാപനം കായിക മേഖലയെയും പ്രതികൂലമായി ബാധിച്ചു. പക്ഷെ ഈ മഹാമാരിക്കിടെ ഇപ്പോഴിതാ ഇന്ത്യൻ പ്രീമിയർ ലീഗ് മൽസരങ്ങൾക്കൊരുങ്ങുകയാണ് യുഎഇ നഗരം. ഐപിഎൽ പതിമൂന്നാം സീസണിൻ്റെ ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസാണ് ബാറ്റിങ്ങിന് ഇറങ്ങുന്നത്. ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

അബുദാബി, ദുബായ്, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലായാണ് ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. അതേസമയം കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കാണികളൊഴിഞ്ഞ സ്റ്റേഡിയങ്ങളിലായിരിക്കും എട്ട് ടീമുകളും തമ്മിൽ ഏറ്റുമുട്ടുക. എന്നാൽ കഴിഞ്ഞ സീസണിൽ ഇരു ടീമുകളും നാലു തവണ ഏറ്റുമുട്ടിയപ്പോൾ ഫൈനലിൽ അടക്കം മുംബൈക്കായിരുന്നു ജയം. അതേസമയം ഇക്കുറി വിജയം ആർക്കായിരിക്കും എന്ന് കാത്തിരുന്ന് കാണാം.

ഇന്ത്യയിൽ കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണ് മത്സരങ്ങൾ യുഎഇയിൽ നടത്താൻ തീരുമാനിച്ചത്. ഓസ്‌ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കൊവിഡ് പ്രതിസന്ധി കാരണം മാറ്റിവെച്ചതോടെയാണ് ഐപിഎൽ നടത്താൻ തീരുമാനമായത്. ഒക്ടോബർ 18 മുതൽ നവംബർ 15 വരെ ഓസ്‌ട്രേലിയയിൽ വെച്ച് ലോകകപ്പ് നടത്താനായിരുന്നു ഐസിസി ആദ്യം തീരുമാനിച്ചത്. എന്നാൽ കൊവിഡ് രൂക്ഷമായതോടെ ആഥിതേയത്വം വഹിക്കുന്നതിൽ നിന്നും ഓസ്‌ട്രേലിയ പിൻമാറുകയായിരുന്നു.

Story highlights: mumbai indians vs chennai super kings 1st match