ഇതാണ് ക്രിക്കറ്റില്‍ സച്ചിന്‍ കണ്ട ഏറ്റവും മികച്ച സേവ്; വീഡിയോ

September 28, 2020
Nichols Pooran superman save video

കൊവിഡ് പ്രതിസന്ധിയില്‍ ഗാലറികളില്‍ ആരവം കുറഞ്ഞെങ്കിലും ക്രിക്കറ്റ് ആവേശം അണഞ്ഞിട്ടില്ല കായിക ലോകത്ത്. ഐപിഎല്‍ പതിമൂന്നാം സീസണിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഐപിഎല്ലുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിമൂന്നാം സീസണില്‍ ഇന്നലെ നടന്ന കിങ്‌സ് ഇലവണ്‍ പഞ്ചാബ്- രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടെ നടന്ന ഒരു സൂപ്പര്‍ സേവാണ് സച്ചിന്‍ പങ്കുവെച്ച ചിത്രത്തില്‍. ‘ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച സേവ് ഇതാണ്’ എന്ന ക്യാപ്ഷനോടെയാണ് സച്ചിന്‍ ചിത്രം ട്വീറ്റ് ചെയ്തത്.

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിലെ ശ്രദ്ധേയനായ യുവതാരം നിക്കോളാസ് പുരാന്‍ ആണ് അതിശയിപ്പിക്കുന്ന സേവിലൂടെ കൈയടി നേടിയത്. ഷാര്‍ജ സ്‌റ്റേഡിയത്തില്‍ സിക്‌സ് എന്നുറപ്പിച്ച് മലയാളിയും രാജസ്ഥാന്‍ റോയല്‍സ് താരവുമായ സഞ്ജു വി സാംസണ്‍ അടിച്ച പന്ത്് അതിസാഹസികമായി പുരാന്‍ സേവ് ചെയ്യുകയായിരുന്നു.

Read more: എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ഒരു ദേശം കഥ പറയുന്നു’; ആദ്യത്തെ തിരക്കഥയുടെ ഓര്‍മ്മയില്‍ മിഥുന്‍ മാനുവല്‍ തോമസ്

ബൗണ്ടറി ലൈന്‍ മറികടന്ന് പറന്ന പന്ത് നിമിഷങ്ങള്‍ക്കൊണ്ടാണ് പുരാന്‍ കൈയിലാക്കി തിരികെ ഗ്രൗണ്ടിലേക്കെറിഞ്ഞത്. ചീറ്റപ്പുലി കണക്കെ പന്ത് ലക്ഷ്യമാക്കി കുതിച്ചു ചാടിയ പുരാന്റെ അസാമാന്യ പ്രകടനത്തില്‍ അതിശയിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകവും. നിരവധിപ്പേര്‍ അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ടും രംഗത്തെത്തുന്നുണ്ട്.

Story highlights: Nichols Pooran superman save video