‘പിന്നീട് കോളേജിലേക്ക് പോയിട്ടില്ല..കാരണം ചില സമയങ്ങളിൽ നിങ്ങളുടെ ഒഴുക്കിനെ വിശ്വസിക്കേണ്ടതുണ്ട്’- നന്ദനം ഓർമ്മകളിൽ പൃഥ്വിരാജ്
പതിനെട്ടു വർഷങ്ങൾക്ക് മുൻപ് വേനലവധിക്ക് സിനിമയിലഭിനയിക്കാൻ എത്തിയ താടിക്കാരൻ ചെറുപ്പക്കാരൻ ഇന്ന് മലയാള സിനിമയിൽ നിർമ്മാതാവായും സംവിധായകനായുമെല്ലാം സജീവമാണ്. ജീവിതത്തിന്റെ അപ്രതീക്ഷിത ഒഴുക്ക് തികച്ചും വേറിട്ടൊരു മേഖലയിലാണ് പൃഥ്വിരാജ് സുകുമാരനെ എത്തിച്ചത്. നന്ദനത്തിൽ തുടങ്ങിയ യാത്രയെക്കുറിച്ച് ഹൃദ്യമായ കുറിപ്പിലൂടെ ആരാധകരോട് പങ്കുവയ്ക്കുകയാണ് താരം.
നന്ദനം സിനിമയുടെ പൂജയ്ക്ക് എടുത്ത ചിത്രമാണിത്. ചിത്രം റിലീസ് ചെയ്യുന്നതിനും ഒരു വർഷം മുൻപ് പകർത്തിയ ചിത്രം. ആദ്യ സിനിമ നന്ദനമായിരുന്നുവെങ്കിലും എന്റെ മൂന്നാമത്തെ റിലീസ് ആയിരുന്നു. അന്ന് വരും വർഷങ്ങളിൽ ജീവിതത്തിൽ എന്താണ് സംഭവിക്കുക എന്നതിനെക്കുറിച്ച് എനിക്ക് ധാരണ ഉണ്ടായിരുന്നില്ല. എനിക്ക് ആകെ അറിയാവുന്നത്, കോളേജിലേക്ക് മടങ്ങുന്നതിനുമുമ്പുള്ള വേനൽക്കാല അവധിക്കാലത്ത് സമയം ഫലപ്രദമായി വിനിയോഗിക്കാൻ എന്തെങ്കിലും കിട്ടി എന്നതുമാത്രമാണ്. പക്ഷെ, പിന്നീട് കോളേജിലേക്ക് പോയിട്ടില്ല. അത് മുഴുവനായി എന്നെ കീഴടക്കി. നന്നായി..കാരണം , ഇപ്പോൾ ഞാനുള്ളതെല്ലാം അത് ഉൾകൊള്ളുന്നു. ചില സമയങ്ങളിൽ നിങ്ങളുടെ ഒഴുക്കിനെ വിശ്വസിക്കേണ്ടതുണ്ട്..കാരണം, ഈ ഒഴുക്കിന് നിങ്ങളെ ഉദ്ദേശിച്ച സ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള ഒരു മാർഗമുണ്ട്!’- പൃഥ്വിരാജ് കുറിക്കുന്നു.
പൃഥ്വിരാജിന്റെ കുറിപ്പിന് കമന്റുമായി നിരവധി താരങ്ങളുമെത്തി. ‘അന്നും ഇന്നും മനുവേട്ടന്റെ ആരാധിക’ എന്നാണ് നടി മാളവിക മേനോൻ കുറിക്കുന്നത്. നന്ദനം എന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേരാണ് മനു. മലയാള സിനിമയിലെ ഏറ്റവും വിജയകരമായ കരിയറിന് ഉടമ എന്നുവേണം പൃഥ്വിരാജിനെ വിശേഷിപ്പിക്കാൻ. കാരണം, തുടക്കത്തിൽ പൃഥ്വിരാജ് നേരിട്ട കല്ലേറുകൾ ചെറുതല്ല. പക്ഷെ അന്ന് തന്നെ കരിയർ എങ്ങനെയാകണമെന്ന് അദ്ദേഹത്തിന് പദ്ധതി ഉണ്ടായിരുന്നു.
Read More: ‘ആരാണ് പറഞ്ഞത് ഒട്ടക സവാരി എളുപ്പമാണെന്ന്?’- രസകരമായ ചിത്രം പങ്കുവെച്ച് നദിയ മൊയ്‌തു
ഒരു പ്രൊഡക്ഷൻ കമ്പനി, സംവിധാനം എന്നിവയൊക്കെ സ്വപ്നം പോലെ തന്നെ സാക്ഷാത്കരിച്ചു. നയൻ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് പ്രൊഡക്ഷൻസ് തുടക്കമിട്ടു. ലൂസിഫറിലൂടെ സംവിധാനത്തിലേക്കും കടന്നു. പൃഥ്വിരാജിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങൾ അണിയറയിൽ പുരോഗമിക്കുകയുമാണ്.
Story highlights- prithviraj about nanadanam movie