സംശുദ്ധമായ ചളിയിൽ തീർത്ത ക്ലേ മോഡലിംഗ്; ചിരിപ്പിച്ച് രമേഷ് പിഷാരടിയുടെ പുതിയ ചിത്രവും അടിക്കുറിപ്പും
നർമ്മം കലർത്തിയുള്ള സംസാര രീതിയിലൂടെ പ്രേക്ഷക സ്വീകാര്യനായ വ്യക്തിയാണ് രമേഷ് പിഷാരടി. നടനായും സംവിധായകനും കോമഡി ആർട്ടിസ്റ്റായുമൊക്കെ നിറഞ്ഞുനിൽക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ ട്രോളുണ്ടാക്കുന്നതിലും കേമനാണ്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് രമേഷ് പിഷാരടി പങ്കുവെച്ച ഒരു ചിത്രം. ശരീരത്തിൽ നിറയെ ചളിയുമായി പാടത്ത് ഇരിക്കുന്ന ചിത്രവും അതിന് നൽകിയ ക്യാപ്ഷനുമാണ് സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തുന്നത്.
ക്ലേ മോഡലിംഗ് എന്നും ബ്രായ്ക്കറ്റിൽ സംശുദ്ധമായ ചളി എന്നുമാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്. താരത്തിന്റെ പുതിയ ചിത്രത്തിന് കമന്റുമായി നിരവധിപ്പേരാണ് എത്തിയത്. അടുത്തിടെ ഒരു ഇഗ്വാനയ്ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു. ‘ഡ്രാഗണ്‍, തീ അണയ്ക്കാന്‍ പരിശീലനം ലഭിച്ചത്. (ഫയര്‍ ആന്‍ഡ് സേഫ്റ്റി ഡിപ്ലോമ) എന്ന അടിക്കുറിപ്പ് നൽകിയ ചിത്രവും സോഷ്യൽ മീഡിയയിൽ ഏറെ ചിരി പടർത്തിയിരുന്നു.
അതേസമയം മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്വ്വന് എന്നീ സിനിമകളിലൂടെ സംവിധാന രംഗത്തും സജീവ സാന്നിധ്യമായി മാറിക്കഴിഞ്ഞു രമേഷ് പിഷാരടി.
Story Highlights: Ramesh Pisharady shares new photo with funny caption