സമ്മർ ഇൻ ബത്ലഹേമിന് ഇന്ന് 22 വയസ്; വീണ്ടും ഒന്നിക്കാൻ ഒരുങ്ങി സിബി- രഞ്ജിത്ത് കൂട്ടുകെട്ട്

September 4, 2020

ജയറാമും സുരേഷ് ഗോപിയും കലാഭവൻ മണിയും മഞ്ജു വാര്യരും മോഹൻലാലും ഉൾപ്പെടെ മലയാളത്തിലെ ഒരു പിടി മികച്ച താരങ്ങൾ ഒന്നിച്ച ഒരു സൂപ്പർ ഹിറ്റ് ചിത്രം. സംവിധാനത്തിലേയും തിരക്കഥയിലെയും മികവിനൊപ്പം മികച്ച കഥയും ഗാനങ്ങളും സമ്മാനിച്ച മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്… ഇങ്ങനെ പോകുന്നു രഞ്ജിത്ത്- സിബി മലയിൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ സമ്മർ ഇൻ ബത്ലഹേം എന്ന ചിത്രത്തിന്റെ പ്രത്യേകതകൾ. ചിത്രം റിലീസ് ചെയ്ത് 22 വർഷങ്ങൾ പിന്നിടുമ്പോൾ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് സിബി- രഞ്ജിത്ത് കൂട്ടുകെട്ട്.

1998 സെപ്റ്റംബര്‍ നാലിനായിരുന്നു സമ്മർ ഇൻ ബത്ലഹേം എന്ന സിനിമയുടെ റിലീസ്. ചിത്രം പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 22 വര്‍ഷം പിന്നിടുമ്പോൾ ഇരുവരും ചേർന്ന് പുതിയ ചിത്രത്തിന് ഒരുങ്ങുകയാണ്. എന്നാൽ ഇക്കുറി രഞ്ജിത്ത് ചിത്രത്തിന്റെ ഭാഗമാകുന്നത് നിർമ്മാതാവിന്റെ രൂപത്തിലാണ്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചർ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് പുതിയ ചിത്രം നിർമ്മിക്കുന്നത്. സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നവാഗതനായ ഹേമന്ത് ആണ്. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ.

Read also:ആന്റണി പെരുമ്പാവൂരിന്റെ മകൾക്ക് വിവാഹ ഉടമ്പടി ചൊല്ലിക്കൊടുത്ത് മോഹൻലാൽ; വിവാഹനിശ്ചയ വീഡിയോ

ആസിഫ് അലിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരത്തിനൊപ്പം നിരവധി പ്രമുഖ താരങ്ങളും സിനിമയുടെ ഭാഗമാകും. അതേസമയം ചിത്രത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. സിനിമ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്നാണ് സൂചന.

https://www.facebook.com/RanjithBalakrishnanOfficial/posts/3330539940373367

Story Highlights: ranjith and sibi malayil new film announced