ചടുല ഭാവങ്ങളിൽ റിമ; ശ്രദ്ധേയമായി യമുന
അഭിനയത്തിനൊപ്പം നൃത്തത്തേയും ഇഷ്ടപ്പെടുന്ന താരമാണ് റിമ കല്ലിങ്കൽ. അതുകൊണ്ടുതന്നെ സിനിമ വിശേഷങ്ങൾക്കൊപ്പം താരം നൃത്ത വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ മോഹിനിയാട്ടം അരങ്ങേറ്റത്തിന് ഒരുങ്ങിയിരിക്കുന്ന പഴയൊരു ചിത്രം ആരാധകർക്കായി അടുത്തിടെ റിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ റിമയുടെ നൃത്ത ഭാവങ്ങൾ വിരിഞ്ഞ യമുന എന്ന സംഗീത ആൽബമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
റിമ കല്ലിങ്കലും സന്തോഷ് മാധവും ചേർന്നാണ് നൃത്ത സംവിധാനം നിർവഹിച്ചത്. സംഗീത സംവിധായകൻ ശ്രീവത്സൻ ജെ.മേനോൻ ആണ് ഗാനം ആലപിച്ചത്. അദ്വൈത ദാസ് ആണ് പാട്ടിനു വരികളൊരുക്കിയത്. മനോഹരമായ ആലാപനത്തിനൊപ്പം ഏറെ മനോഹരമാണ് റിമയുടെ ഭാവാഭിനയവും. അജയൻ ചാലിശ്ശേരിയാണ് ഈ വീഡിയോയുടെ കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്.
2008-ൽ മിസ് കേരള മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ റിമ ചെറുപ്പം മുതൽ ക്ലാസിക്കൽ നൃത്തം അഭ്യസിക്കുന്നുണ്ട്. കലാമണ്ഡലം രംഗനായികയുടെ കീഴിലാണ് ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചത്. ബംഗളൂരുവിൽ നിന്നും കണ്ടമ്പററി ഡാൻസും പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളിൽ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് റിമ വെള്ളിത്തിരയിൽ അരങ്ങേറിയത്. അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്തു. വൈറസാണ് റിമയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം.
Story Highlights: rima kallingal yamuna music video