‘കറിവേപ്പിലയിട്ട് കൃഷ്ണകുമാർ കാച്ചുന്ന എണ്ണ’- മുടിയുടെ സംരക്ഷണത്തെ കുറിച്ച് സിന്ധു കൃഷ്ണകുമാർ

മലയാളികളുടെ പ്രിയ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും മക്കളും ഭാര്യ സിന്ധു കൃഷ്ണകുമാറുമെല്ലാം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ലോക്ക് ഡൗൺ സമയത്ത് യൂട്യൂബ് ചാനലുകളിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരകുടുംബം. ഇപ്പോഴിതാ, പേരന്റിംഗ് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സിന്ധു കൃഷ്ണകുമാർ.
നാലുകുട്ടികളെ വളർത്താൻ അമ്മ എന്ന നിലയിൽ അനുഭവിച്ച പ്രതിസന്ധികളെ കുറിച്ചാണ് സിന്ധു കൃഷ്ണ പങ്കുവെച്ചത്. ‘അഹാനയെ വളർത്തി ആണ് കുട്ടികളെ വളർത്താൻ പഠിച്ചത്. അഹാനയ്ക്ക് പത്തു വയസായപ്പോൾ താഴെ മൂന്നു കുട്ടികൾ ആയി. കുട്ടികളെ വളർത്താൻ നല്ല പാടുതന്നെയാണ്. രാവിലെ എഴുന്നേൽക്കുന്നത് മുതൽ കിടക്കുന്നവരെ ഒരു മെഷീൻ പോലെ പണിയെടുക്കുമായിരുന്നു. എല്ലാ കാര്യങ്ങളും ചിട്ടയോടെ നോക്കുന്ന അമ്മ ആയിരുന്നു ഞാൻ. എല്ലാ കാര്യങ്ങൾക്കും ചിട്ട വേണം എന്ന് നിർബന്ധമുണ്ടായിരുന്നു. മക്കളുടെ ചെറിയ കാര്യങ്ങൾ പോലും ഓവർ ആയി ശ്രദ്ധിക്കും. അത് ചിലപ്പോൾ കുട്ടികളെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ടാകാം. ഒരു ഫുൾ ടൈം മദർ ആയിരുന്നതുകൊണ്ട് എല്ലാം ചെയ്യാൻ കഴിഞ്ഞു. കുട്ടികൾ ഓരോ ക്ലാസിലായിരിക്കും ഉള്ളത്, ക്ലാസ് കഴിയുമ്പോൾ ഓരോ ക്ലാസിലും ചെന്ന് അവിടെ കാത്തു പുറത്തു നിൽക്കും, അത് എങ്ങനെ എന്ന് ഇപ്പോൾ തനിക്ക് അത്ഭുതം തോന്നാറുണ്ട്. ഇപ്പോൾ കുട്ടികൾ വളർന്നു, അവരുടെ കാര്യങ്ങൾ നോക്കാൻ പ്രാപ്തിയായപ്പോൾ ജോലി കുറഞ്ഞു’- സിന്ധു കൃഷ്ണ പറയുന്നു.
പെൺകുട്ടികൾ എപ്പോഴും സാമ്പത്തികമായി സ്വാതന്ത്ര്യമുള്ളവരായിരിക്കണം, പെൺകുട്ടികൾ മറ്റുള്ളവരെ മനസ്സിലാക്കി പെരുമാറാൻ പഠിക്കണം, നല്ലതാര് ചീത്തയാര് എന്നൊക്കെ അറിയണം, മോശം പെരുമാറ്റം എളുപ്പം മനസ്സിലാക്കണം. ചുറ്റുമുള്ള ലോകം അത്ര നല്ലതൊന്നുമല്ല, അങ്ങനെയൊരു സമൂഹത്തിൽ എങ്ങനെ ജീവിക്കണം എന്നൊക്കെ മക്കളെ പറഞ്ഞു മനസ്സിലാക്കാറുണ്ടെന്നും സിന്ധു പറയുന്നു
കുട്ടികളിൽ നന്നായി പഠിച്ചത് അഹാനയാണെന്ന് സിന്ധു കൃഷ്ണകുമാർ പറയുന്നു. ഏറ്റവും ഇളയ മകൾ ഹൻസിക ചെറുപ്പത്തിൽ നന്നായി പഠിക്കുമായിരുന്നു എന്നും മൊബൈൽ ഫോണും ഇന്റർനെറ്റുമൊക്കെ ആയതോടെ പഠനത്തിൽ ശ്രദ്ധ കുറഞ്ഞെന്നും സിന്ധു പറയുന്നു. അമ്മയുടെയും പെൺമക്കളുടെയും മുടിയുടെ രഹസ്യമായിരുന്നു ആരാധകർക്ക് അറിയേണ്ടിയിരുന്ന മറ്റൊരു കാര്യം.
കൃഷ്ണകുമാർ കറിവേപ്പിലയിട്ട് കാച്ചുന്ന എണ്ണയല്ലാതെ പ്രത്യേകിച്ചൊന്നും മുടിക്കായി ചെയ്യുന്നില്ലെന്നും, എല്ലാവർക്കും ചെറുപ്പം മുതൽ നല്ല മുടി ഉണ്ടെന്നും സിന്ധു കൃഷ്ണകുമാർ പറയുന്നു. സിന്ധുവിന്റെ തന്നെ യൂട്യൂബ് ചാനലിലാണ് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.
Story highlights- sindhu krishnakumar about parenting