കൊവിഡ്ക്കാലത്ത് മറ്റൊരു എക്‌സ്പിരിമെന്റല്‍ ത്രില്ലര്‍ കൂടി; ‘ടോള്‍ ഫ്രീ 1600-600-60’ ഒരുങ്ങുന്നു
കൊവിഡ് പ്രതിസന്ധിമൂലം തിയേറ്ററുകള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും സംവിധായകരും അഭിനേതാക്കളമടക്കമുള്ള ചലച്ചിത്രപ്രവര്‍ത്തകര്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തിവരികയാണ്. ഇതിന്റെ പ്രതിഫലനമാണ് അടുത്തിടെ ഫഹദ് ഫാസില്‍ നായകനായെത്തിയ സി യു സൂണ്‍ എന്ന ചിത്രം. ഇപ്പോഴിതാ കൊവിഡ് കാലത്ത് മറ്റൊരു എക്‌സ്പിരിമെന്റല്‍ ത്രില്ലര്‍ ചിത്രം കൂടി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ടോള്‍ ഫ്രീ 1600-600-60 എന്നാണ് ചിത്രത്തിന്റെ പേര്.
സജീവന്‍ അന്തിക്കാടാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ടി അരുണ്‍കുമാര്‍, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. എം സിന്ധുവാണ് ചിത്രത്തിന്റെ നിര്‍മാണം. അറയ്ക്കല്‍ നന്ദകുമാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
‘പ്രിയപ്പെട്ടവരേ, സന്ദര്‍ഭവശാല്‍ ലോക്ക്ഡൗണില്‍ എഴുതിയൊരു തിരക്കഥ സിനിമയാവുകയാണ്. മനസ്സിലേക്ക് വന്നൊരു പ്രമേയം കഥാകൃത്തും സുഹൃത്തുമായ ശ്രീ. സുനില്‍ ഗോപാലകൃഷ്ണനുമായി പങ്കുവയ്ക്കുകയും പിന്നീട് ഞങ്ങളൊരുമിച്ച് അതിനൊരു തിരക്കഥാരൂപം നല്‍കുകയുമാണ് ഉണ്ടായത്.
എന്തായാലും സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ തുടങ്ങാനാണ് തീരുമാനമായിരിക്കുന്നത്. ശ്രീ. സജീവന്‍ അന്തിക്കാടാണ് ചിത്രത്തിന്റെ സംവിധായകന്‍. നവാഗതനായ അരുണ്‍ ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും. ഒപ്പം ഒന്ന് കൂട്ടിച്ചേര്‍ക്കട്ടെ: ഈ ചിത്രത്തിന്റെ കാര്യത്തില്‍ ഒരു അവകാശവാദവുമില്ല, ഒരു ചെറിയ, സാധാരണസിനിമയുടെ ഭാഗമാവുന്നതിലുള്ള സന്തോഷം മാത്രം. എന്തെങ്കിലും കൂട്ടിച്ചേര്‍ക്കണമെങ്കില്‍ പരീക്ഷണസ്വഭാവമുള്ള ഒരു ത്രില്ലര്‍ എന്ന് വിളിക്കാമെന്ന് തോന്നുന്നു.’ ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്തായ ടി അരുണ്‍കുമാര്‍ കുറിച്ചു.
Story highlights: Toll free-1600-600-60 to start rolling-soon