‘മായാനദി’ക്ക് ശേഷം ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന ‘കാണെക്കാണെ’ – കൗതുകം സമ്മാനിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റർ

September 26, 2020

‘മായാനദി’ എന്ന ഹിറ്റ് പ്രണയ ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും തമ്മിലുള്ള കെമിസ്ട്രി ആയിരുന്നു. അതേ കൂട്ടുകെട്ട് വീണ്ടുമൊരു ചിത്രത്തിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കാനായി എത്തുകയാണ്. ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും നായികാനായകന്മാരാകുന്ന പുതിയ ചിത്രമാണ് ‘കാണെക്കാണെ’.

ഉയരെ എന്ന ചിത്രത്തിന്റെ സംവിധായകനായ മനു അശോകനാണ് ചിത്രം ഒരുക്കുന്നത്. ബോബി സഞ്ജയ് ആണ് തിരക്കഥ. ഉയരെ എന്ന ചിത്രത്തിനും തിരക്കഥ ഒരുക്കിയത് ബോബി സഞ്ജയ് ആയിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.

https://www.instagram.com/p/CFmVDAvDCpC/?utm_source=ig_web_copy_link

മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന ഫിക്ഷണൽ സിനിമയാണ് ‘കാണെക്കാണെ’. ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

ഡ്രീം ക്യാച്ചറിന്റെ ബാനറിൽ ടി ആർ ഷംസുദ്ദീനാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആൽബി ആന്റണിയും എഡിറ്റർ അഭിലാഷ് ബാലചന്ദ്രനുമാണ്. ‘ജോസഫ്’ സിനിമയിലൂടെ ശ്രദ്ധേയനായ രഞ്ജിൻ രാജ് സംഗീതസംവിധായകനായി എത്തുന്നു. എറണാകുളത്ത് ചോറ്റാനിക്കരയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏകദേശം പൂർത്തിയായി.

Story highlights- tovino thomas’s kanekkane movie first look poster