ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ‘വരവ്’

ധ്യാൻ ശ്രീനിവാസനും ശോഭനയും അഭിനയിച്ച ‘തിര’, ടൊവിനോ തോമസും വാമിക ഗബ്ബിയും അഭിനയിച്ച ‘ഗോദ’ തുടങ്ങിയ സിനിമകൾ രചിച്ച രാകേഷ് രാകേഷ് മണ്ടോടി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. വരവ് എന്നാണ് ആദ്യ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൽ നായകനായി എത്തുന്നത് ടൊവിനോ തോമസാണ്. ഒരു മാസത്തിനുള്ളിൽ ചിത്രത്തിനെ കുറിച്ച് വിശദമായ പ്രഖ്യാപനം ഉണ്ടാകുമെന്ന് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു.
രാകേഷിനൊപ്പം ശരേഷ് മലയങ്കണ്ടി, ഗാനരചയിതാവ് മനു മഞ്ജിത്ത് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. തിരക്കഥാകൃത്ത് എന്ന നിലയിൽ മനുവിന്റെ ആദ്യ പ്രോജക്റ്റാണിത്. വിശ്വജിത്താണ് വരവിന്റെ ഛായാഗ്രാഹകൻ.
പതിയാറ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ പ്രദീപ്കുമാർ പതിയാറയാണ് ചിത്രം നിർമിക്കുന്നത്. അരവിന്ദന്റെ അതിഥികൾ നിർമിച്ചത് പ്രദീപ്കുമാർ പതിയാറയാണ്. ടീമിനെ ആശംസിച്ചുകൊണ്ട് സംവിധായകൻ ബേസിൽ ജോസഫ് , ഇഷ്ക് സംവിധായകൻ അനുരാജ് മനോഹർ എന്നിവരെത്തി.

അതേസമയം, ടൊവിനോ നായകനായി രണ്ടു ചിത്രങ്ങളാണ് ഈ വർഷം റിലീസ് ചെയ്തത്. ‘ഫോറൻസിക്’ എന്ന ത്രില്ലർ ചിത്രത്തിൽ ഡോ. സാമുവൽ ജോൺ കട്ടൂക്കരൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സി’ൽ ഒരു നാടൻ കഥാപാത്രമായാണ് എത്തിയത്.
ടൊവിനോ തോമസിന്റെ അടുത്ത ചിത്രം ‘മിന്നൽ മുരളി’ ആണ്.ചിത്രത്തിൽ ഒരു സൂപ്പർഹീറോ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ബേസിൽ ജോസഫാണ് ‘മിന്നൽ മുരളി’ സംവിധാനം ചെയ്യുന്നത്. അതോടൊപ്പം, സംവിധായകൻ രോഹിത് വി എസ് ഒരുക്കുന്ന ‘കാല’ യുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ലാൽ, ദിവ്യ പിള്ള എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Story highlights- tovino thomas’s next movie varav