പ്രഭാസിന്റെ ‘ആദിപുരുഷി’ന് വി എഫ് എക്സ് ഒരുക്കാൻ ‘അവതാർ’, ‘സ്റ്റാർ വാർസ്’ ഗ്രാഫിക്സ് ടീം
ബാഹുബലിയുടെ വമ്പൻ വിജയത്തോടെ താരമൂല്യം കുതിച്ചുയർന്ന പ്രഭാസിന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളെല്ലാം സിനിമാലോകത്ത് ചർച്ചയാകുകയാണ്. രാമായണ കഥ പങ്കുവയ്ക്കുന്ന ആദിപുരുഷാണ് പ്രതിഭാസിന്റേതായി വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം. തൻഹാജി സംവിധായകൻ ഓം റൗത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാമനായി പ്രഭാസ് എത്തുമ്പോൾ സീതയായി കീർത്തി സുരേഷ് ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ഐതിഹാസിക കഥാപാത്രമായ രാവണനായി സെയ്ഫ് അലി ഖാൻ എത്തുന്നുവെന്ന് താരം തന്നെ പ്രഖ്യാപിച്ചതോടെ ആദിപുരുഷ് കൂടുതൽ ശ്രദ്ധ നേടുകയാണ്. പൂർണമായും ത്രീഡിയിൽ ഒരുങ്ങുന്ന ആദിപുരുഷിൽ അവതാർ, സ്റ്റാർ വാർസ് സിനിമകളുടെ വി എഫ് എക്സ് ടീം പ്രവർത്തിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ആദിപുരുഷ് നിർമ്മാതാക്കൾ ഇതിഹാസ കഥ പറയുന്ന ചിത്രത്തിന്റെ ഗ്രാഫിക്സിൽ പ്രവർത്തിക്കാൻ അവതാർ, സ്റ്റാർ വാർസ് ടീമിൽ പ്രവർത്തിച്ച സൂപ്പർവൈസർമാരുമായി ചർച്ച നടത്തുകയാണെന്നും ഗ്രീൻ മാറ്റ് ടെക്നോളജിയിൽ ചിത്രം പൂർണ്ണമായും ചിത്രീകരിക്കപ്പെടുമെന്നുമാണ് സൂചന. നിലവിലെ കൊവിഡ് സാഹചര്യത്തിൽ പൂർണമായും ഇൻഡോർ ഷൂട്ടിങ്ങിനാണ് പ്രാധാന്യം നൽകുന്നത്. ത്രീഡി ചിത്രമായതുകൊണ്ട് ഇൻഡോർ ഷൂട്ടിംഗ് സാധ്യവുമാണ്. ഇന്ത്യയിൽ പൂർണമായും ഗ്രീൻ മാറ്റ് ടെക്നോളജിയിൽ ചിത്രങ്ങൾ ഒരുങ്ങിയിട്ടില്ല.
ഹോളിവുഡ് സിനിമകളായ അക്വാമാൻ, 300, ഗ്രാവിറ്റി തുടങ്ങിയ ചിത്രങ്ങളെല്ലാം പൂർണമായും ഗ്രാഫിക്സ് സഹായത്തോടെ ഗ്രീൻ മാറ്റിൽ ചിത്രീകരിച്ചതാണ്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും നടന്നിട്ടില്ലെങ്കിലും ആരാധകർ പ്രതീക്ഷയിലാണ്.
Read More: ലോക്ക് ഡൗൺ കാലത്തെ കൃഷിപാഠം; ചെന്നൈയിലെ വീട്ടിൽ ജൈവകൃഷി ഒരുക്കി കാളിദാസ് ജയറാം
അതേസമയം, രാമനാകാനുള്ള തയ്യാറെടുപ്പിലാണ് പ്രഭാസ്. ഇതിനായി അമ്പെയ്ത്തും താരം പരിശീലിക്കാൻ തുടങ്ങി. ഒരു വില്ലാളിയുടെ ശാരീരികക്ഷമതയാണ് താരം ലക്ഷ്യമിടുന്നത്. എന്തുകൊണ്ടും രാമനെ അവതരിപ്പിക്കാൻ പ്രഭാസിനോളം മികച്ച മറ്റുതാരങ്ങൾ ഇല്ലെന്നാണ് സംവിധായകൻ ഓം റൗത്ത് അഭിപ്രായപ്പെടുന്നത്.
Story highlights- VFX Team of avatar for prabhas adipurush