നടൻ വിനായകൻ ‘പാർട്ടി’ എന്ന സിനിമയിലൂടെ സംവിധാനത്തിലേക്ക്; നിർമാതാവായി ആഷിഖ് അബു
നടൻ വിനായകൻ സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്നു. പാർട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനായകൻ തന്നെയാണ്. ചിത്രം നിർമിക്കുന്നത് ആഷിഖ് അബുവാണ്. ‘നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും. “പാർട്ടി ” അടുത്ത വർഷം’- ആഷിഖ് അബുവിന്റെ വാക്കുകൾ.
ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലെത്തിയ വിനായകൻ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ മാന്ത്രികം എന്ന ചിത്രത്തിൽ സഹനടനായി എത്തിയ വിനായകൻ 2016-ൽ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കരസ്ഥമാക്കി.
മന്ത്രികം ഒരുക്കിയ തമ്പി കണ്ണന്താനത്തിന്റെ തന്നെ ഒന്നാമൻ എന്ന ചിത്രത്തിലും വിനായകൻ ചെറിയ വേഷം ചെയ്തു. എ.കെ സാജൻ സംവിധാനം ചെയ്ത സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലെ മൊന്ത എന്ന കഥാപാത്രമാണ് വിനായകനെ മലയാള സിനിമാ പ്രേക്ഷകർക്ക് പരിചിതനാക്കിയത്. ചതിക്കാത്ത ചന്തു, വെള്ളിത്തിര, ബൈ ദ പീപ്പിൾ, ചിന്താമണി കൊലക്കേസ്, ഗ്രീറ്റിങ്ങ്സ്, ജൂനിയർ സീനിയർ, ഛോട്ടാ മുംബൈ, ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി റീലോഡഡ്, ബാച്ചിലർ പാർട്ടി എന്നെ ചിത്രങ്ങളിലാണ് വിനായകൻ ശ്രദ്ധേയ സാന്നിധ്യമായത്.
Story highlights- vinayakan’s directorial debut