വിജയ് നായകനായ ‘ബിഗിൽ’ പോണ്ടിച്ചേരിയിൽ റീ- റിലീസ് ചെയ്‌തു

വിജയ് നായകനായ ആറ്റ്ലീ ചിത്രം ബിഗിൽ പോണ്ടിച്ചേരിയിൽ റീ- റിലീസ് ചെയ്തു. 2019 ഒക്ടോബർ 25ന് പ്രദർശനത്തിനെത്തിയ ചിത്രം ഒരുവർഷം പൂർത്തിയാക്കിയ വേളയിലാണ് വീണ്ടും റിലീസ് ചെയ്തത്. എജി‌എസ് എന്റർ‌ടൈൻ‌മെൻറ് നിർമിച്ച ചിത്രം വൻ വിജയമായിരുന്നു.

ചിത്രത്തിൽ വിജയ്, നയൻ‌താര, കതിർ, റീബ മോണിക്ക ജോൺ, ജാക്കി ഷ്രോഫ്, ഡാനിയൽ ബാലാജി, വിവേക്, യോഗി ബാബു, ആനന്ദ് രാജ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. സ്പോർട്സ് ചിത്രമായ ബിഗിലിൽ വിജയ് ഇരട്ട വേഷത്തിലാണ് എത്തിയിരുന്നത്. അച്ഛനായും മകനായും ചിത്രത്തിൽ വിജയ് വേഷമിട്ടു.

‘മെർസൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കെ.ജി.വിഷ്ണുവാണ് ഛായാഗ്രഹണം കൈകാര്യം ചെയ്തത്. പോണ്ടിച്ചേരിയിലെ ഷൺമുഖു സിനിമാസിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്തത്. ഒരു ദിവസം മൂന്ന് ഷോകളാണ് നടക്കുന്നത്. ലോക്ക് ഡൗണിന് ശേഷം തിയേറ്റർ തുറന്നപ്പോൾ വിജയ് ചിത്രമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്‌.

‘തെരി’, ‘മെര്‍സല്‍’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്‌ലി വിജയ് ടീം ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും ബിഗില്‍ എന്ന സിനിമയ്ക്കുണ്ട്. ആക്ഷനും സസ്‌പെന്‍സും പ്രണയവും കാല്‍പന്തുകളിയുടെ ആവേശവുമെല്ലാം നിറച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Read More: ദിവസവും പത്ത് കിലോമീറ്റർ സൈക്കിൾ ചവിട്ടും, വീടുകളിൽ കയറി ഇറങ്ങി ചികിത്സിക്കും; 87 ആം വയസിലും താരമാണ് ഈ ഡോക്ടർ

 ചെന്നൈ ബോക്സ് ഓഫീസിൽ നിന്നും ഏറ്റവും ഉയർന്ന ഓപ്പണിങ് ഡേ കളക്ഷൻ നേടിയ ചിത്രമെന്ന പ്രത്യേകതയും ബിഗിലിനുണ്ട്.അതേസമയം കേരളത്തിൽ ആദ്യ ദിനത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആദ്യ പത്ത് ചിത്രങ്ങളില്‍ ബിഗിലും ഇടം  നേടിയിട്ടുണ്ട്. എന്നാൽ ഈജിപ്തിൽ റിലീസ് ചെയ്ത ആദ്യ തമിഴ് ചിത്രമെന്ന പ്രത്യേകതയും ബിഗിലിനുണ്ട്.

Story highlights- Bigil re-releases in Pondicherry