ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കി ദേവ്ദത്തിന്റെ കിടിലൻ ക്യാച്ച്; വൈറലായി ചിത്രങ്ങൾ
ഇന്ത്യൻ പ്രീമിയർ ലീഗ് ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. കൊവിഡ് മഹാമാരി സൃഷ്ടിച്ച ബുദ്ധിമുട്ടുകൾക്കിടയിലും ഐപിഎൽ തുടങ്ങിയതിന്റെ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. എന്നാൽ ഇഷ്ടടീമുകൾ കളിക്കളത്തിൽ അത്ഭുതങ്ങൾ ഒരുക്കുമ്പോൾ മലയാളികൾക്ക് അഭിമാനിക്കാൻ മികച്ച പ്രകടനങ്ങളാണ് സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലുമൊക്കെ ഒരുക്കുന്നത്. ഇപ്പോഴിതാ ദേവ്ദത്ത് പടിക്കലിന്റെ ഒരു മികച്ച ക്യാച്ചാണ് സോഷ്യൽ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്.
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമാണ് ദേവ്ദത്ത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലെ ദേവ്ദത്തിന്റെ പ്രകടനമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. മോയിൻ അലി എറിഞ്ഞ 12-ാം ഓവറിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെ പുറത്താക്കികൊണ്ടുള്ള ഒരു ക്യാച്ചാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. സിക്സർ ലക്ഷ്യമാക്കി ശ്രേയസ് അയ്യർ പറത്തിയ പന്ത് അതിസാഹസീകമായി കൈക്കലാക്കുകയായിരുന്നു ദേവ്ദത്ത്. പന്ത് കൈക്കലാക്കാൻ ആയി ഓടിയെത്തിയ ദേവ്ദത്ത് നിയന്ത്രണം വിട്ട് ബൗണ്ടറി ലൈൻ കടന്നു. പിന്നീട് വീണ്ടും ഗ്രൗണ്ടിൽ തിരികെയെത്തി താരം ക്യാച്ച് എടുക്കുകയായിരുന്നു.
Read also: നാഗചൈതന്യക്ക് മനോഹര ആശംസയുമായി സാമന്ത- മൂന്നാം വിവാഹവാർഷികം ആഘോഷിച്ച് താരജോഡി
അതേസമയം അരങ്ങേറ്റ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ദേവ്ദത്ത് പടിക്കലിന് അഭിനന്ദനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി അടക്കമുള്ളവർ എത്തിയിരുന്നു. ഇതിന് പിന്നാലെ കമന്റേറ്റർമാരായ ആകാശ് ചോപ്ര, ഹർഷ ഭോഗ്ലെ തുടങ്ങിയവരും ദേവ്ദത്തിനെ അഭിനന്ദിച്ച് രംഗത്തെത്തി. ‘ദേവ്ദത്ത് പടിക്കലിന്റെ പ്രകടനം വളരെയധികം ആസ്വദിച്ചു. ഇടംകൈയ്യന്മാരുടെ കളി കാണുന്നത് തന്നെ ഒരു ഭംഗിയാണ്’- എന്നാണ് ഗാംഗുലി ട്വിറ്ററിൽ കുറിച്ചത്.
Story Highlights: devdutt padikkal catch goes viral