ആഫ്രിക്കയിലും കേരളത്തിലുമായി ചിത്രീകരണം നടന്ന ‘ജിബൂട്ടി’ പൂർത്തിയായി

എസ്‌ ജെ സിനു സംവിധാനം ചെയ്യുന്ന ജിബൂട്ടിയുടെ ചിത്രീകരണം പൂർത്തിയായി. ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂൾ ഇടുക്കിയിൽ പൂർത്തിയാക്കിയ ശേഷമാണ് അണിയറപ്രവർത്തകരും അഭിനേതാക്കളും ജിബൂട്ടിയിലേക്ക് യാത്രയായത്. ലോക്ക് ഡൗൺ ചിത്രീകരണം നടന്ന ഏക മലയാള ചിത്രവും ജിബൂട്ടിയാണ്.

വളരെ സംഭവബഹുലമായാണ് ജിബൂട്ടിയിൽ ചിത്രീകരണം പൂർത്തിയാക്കിയത്. ജിബൂട്ടിയിലെ ഷെഡ്യൂൾ പൂർത്തിയാക്കിയപ്പോഴാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ആ സമയത്ത് ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതിനാൽ ഏകദേശം രണ്ട് മാസത്തോളം അവർ ആഫ്രിക്കയിൽ കുടുങ്ങി. അമിത് ചക്കാലക്കൽ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തൻ, അഞ്ജലി ഉപാസന എന്നിവരുൾപ്പെടെ 72 അംഗങ്ങളുള്ള ടീമിനെ ഒരു വില്ല കോംപ്ലക്സിൽ പാർപ്പിക്കുകയും പിന്നീട് ജിബൂട്ടിയിൽ നിന്ന് കൊച്ചിയിലേക്ക് പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് എത്തിക്കുകയുമായിരുന്നു.

മാർച്ച് 5 നാണ് ജിബൂട്ടിയുടെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിനായി സിനിമ സംഘം ജിബൂട്ടിയിൽ എത്തുന്നത്. ഷൂട്ടിംഗ് തുടങ്ങി കുറച്ച് ദിവസങ്ങൾ പിന്നിട്ടപ്പോൾ കൊവിഡ്-19 ജിബൂട്ടിയിലും റിപ്പോർട്ട് ചെയ്തു. എന്നാൽ സിനിമ ചിത്രീകരിക്കുന്നത് ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയായതിനാല്‍ നിയന്ത്രണം സിനിമ ചിത്രീകരണത്തെ ബാധിച്ചിട്ടില്ല. നിശ്ചയിച്ച പ്രകാരം തന്നെ സിനിമ ചിത്രീകരണം നടന്നു. ഏപ്രിൽ 18 ന് ഷൂട്ടിംഗ് തീർന്നു. അതേസമയം ലോക്ക് ഡൗൺ ആയതിനാൽ തിരികെ വരാൻ കഴിയാതെ സിനിമ സംഘം ജിബൂട്ടിയിൽ തങ്ങുകയായിരുന്നു.

ഇപ്പോൾ ടീം ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ്. ഒക്ടോബർ 25 ന് ഫോർട്ട് കൊച്ചിയിലെ ആസ്പിൻ വാളിൽ ചിത്രീകരണം പൂർത്തിയാക്കിയതായി നടൻ അമിത് ചക്കാലക്കൽ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നു. ഇന്ത്യ, ജിബൂട്ടി എന്നീ രണ്ട് രാജ്യങ്ങളിൽ ഒരുക്കിയ പ്രണയകഥയാണ് ഈ സിനിമ. ഇടുക്കിയിൽ നിന്നും ജിബൂട്ടിയിലേക്ക് പോകുന്ന യുവാവായാണ് അമിത് ചക്കാലക്കൽ വേഷമിടുന്നത്.

പഞ്ചാബ് സ്വദേശിനി ശകുന്‍ ജസ്വാള്‍ ആണ് നായിക. തമിഴ് നടൻ കിഷോർ, ദിലീഷ് പോത്തന്‍, ഗ്രിഗറി ,രോഹിത് മഗ്ഗു,അലൻസിയർ, നസീർ സംക്രാന്തി ഗീത, സുനിൽ സുഖദ, ബിജു സോപാനം, വെട്ടുകിളി പ്രകാശ്, പൗളി വത്സൻ,അഞ്ജലി നായർ, ജയശ്രീ എന്നിവരോടൊപ്പം മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ടി ഡി ശ്രീനിവാസ്‌ ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിൽ കൈതപ്രത്തിന്റെ വരികൾക്ക് ദീപക്ദേവ് സംഗീതം പകരുന്നു, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ,മേക്കപ്പ് -രഞ്ജിത് അമ്പാടി.

Story highlights- Djibouti team completes shooting of the film