ഇത് മൂസയുടെ കാത്തിരിപ്പിന്റെയും കരുതലിന്റെയും കഥ
നോക്കെത്താ ദൂരത്തേക്ക് കണ്ണുംനട്ട് മൂസ കാത്തിരിക്കും. മഞ്ഞായാലും മഴയായാലും അയാൾ എത്തുന്നതുവരെ ആ ജനൽ അഴിക്കുള്ളിലൂടെ മൂസ അങ്ങനെ നോക്കിയിരിക്കും…പറഞ്ഞുവരുന്നത് ഒരു പ്രണയകഥയല്ല, ഒരു അപൂർവ സൗഹൃദത്തിന്റെ മനോഹരമായ കഥയാണ്.
മൂസ എന്ന നായയും മിഷിഗണിലെ ഒരു പോസ്റ്റ്മാനും തമ്മിലുള്ള അപൂർവ സുഹൃദത്തിന്റെ കഥയാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. കുറച്ച് കാലങ്ങൾക്ക് മുൻപാണ് മൂസ സ്ഥിരമായി ആ ഗ്രാമത്തിലെത്താറുള്ള പോസ്റ്റുമാനെ ശ്രദ്ധിച്ചുതുടങ്ങിയത്. പതിവായി എത്തുന്ന പോസ്റ്റുമാനെ വീടിന്റെ ജനാലയിലൂടെ ആദ്യം നോക്കിയിരിക്കാറുള്ള മൂസ ഒരിക്കൽ അദ്ദേഹം എത്താറായപ്പോൾ പതിയെ പുറത്തക്ക് ഓടിയെത്തി.
മൂസയെക്കണ്ട പോസ്റ്റുമാനും പരിചയഭാവം നടിച്ച് അവനെ തൊട്ടു തലോടി, ദീർഘകാലം പരിചയമുള്ള സുഹൃത്തുക്കളെപ്പോലെ മൂസ അയാളോട് ചേർന്നുനിന്നു. പിന്നീടങ്ങോട്ട് ഇവർ സ്ഥിരമായി കാണാനും സ്നേഹം പുതുക്കാനും തുടങ്ങി.
Read also: ‘മേരെ സായ’ പ്രിയതമയെ ചേർത്തുനിർത്തി പാട്ടുപാടി ഇർഫാൻ ഖാൻ; അച്ഛന്റെ ഓർമകൾ പങ്കുവെച്ച് മകൻ, വീഡിയോ
മഞ്ഞായാലും മഴയായാലും ഇരുവരും പരസ്പരം കാണാനും സ്നേഹം പങ്കുവയ്ക്കാനും മറക്കില്ല. സ്ഥിരമായി മൂസ പോസ്റ്റുമാനെ കാത്തിരിക്കുന്നത് ശ്രദ്ധയിൽപെട്ട മൂസയുടെ ഉടമസ്ഥൻ ഈ മനോഹര നിമിഷങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഈ അപൂർവ സ്നേഹത്തിന്റെ കഥ ലോകം അറിഞ്ഞത്. ഒരിക്കലും പരിചയമില്ലാത്ത ഒരാളുമായി മൂസ ഇത്രവേഗം സ്നേഹബന്ധത്തിലേർപ്പെട്ടത് ഉടമസ്ഥനേയും അത്ഭുതപ്പെടുത്തി. സമൂഹമാധ്യമങ്ങളിലൂടെ നിരവധിപ്പേരാണ് ഇരുവർക്കും സ്നേഹാശംസകളുമായി എത്തിയത്.
Story Highlights: Dog And Mailman Relationship