ഇനി വീട്ടിൽ കേക്കുണ്ടാക്കി വിൽക്കണമെങ്കിൽ ലൈസൻസ് വേണം; ലംഘിക്കുന്നവർക്ക് 50,000 രൂപ വരെ പിഴയും മൂന്ന് മാസം വരെ തടവും
ലോക്ക് ഡൗൺ സമയത്ത് ഏറ്റവുമധികം ആളുകൾ പഠിച്ച കാര്യം പാചകമാണ്. പ്രധാനമായും കേക്കുകളുണ്ടാക്കാനാണ് എല്ലാവരും പഠിച്ചത്. തുടക്കത്തിൽ വീട്ടിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് കേക്ക് ഉണ്ടാക്കാൻ പഠിച്ച ആളുകൾ മാസങ്ങൾ പിന്നിട്ടപ്പോൾ അതൊരു ബിസിനസാക്കി മാറ്റി. പലർക്കും നല്ല വരുമാനം ലഭിക്കാൻ തുടങ്ങിയതോടെ ഒട്ടേറെ ആളുകളാണ് ഈ രംഗത്തേക്ക് എത്തിയത്. എന്നാൽ ഇങ്ങനെ കേക്ക് വിൽപന നടത്തുന്നത് ഇനി സാധ്യമല്ല.
വീട്ടിൽ തന്നെ പരിചയക്കാർക്കും ബന്ധുക്കൾക്കുമെല്ലാം ചെറിയ ഓർഡറുകളെടുത്ത് കേക്ക് ഉണ്ടാക്കി നൽകുന്നതിനും ഇനി ലൈസൻസും രജിസ്ട്രേഷനും ആവശ്യമുണ്ട് എന്നറിയിച്ചിരിക്കുകയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. രജിസ്ട്രേഷന് എടുക്കാത്തവര്‍ക്ക് 50,000 രൂപ വരെ പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കുമെന്നും അറിയിപ്പുണ്ട്.
ബേക്കറികള്‍, ചായക്കടകള്‍, ഹോട്ടലുകള്‍, സ്റ്റേഷനറി സ്റ്റോറുകള്‍, പലചരക്ക് വ്യാപാരികള്‍, അങ്കണവാടികള്‍, ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സ്ക്കൂളുകള്‍, ഭക്ഷണം പാകം ചെയ്യുന്ന ആളുകള്‍,പലഹാരങ്ങള്‍ കൊണ്ടുനടന്ന് വില്പന നടത്തുന്നവര്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, കല്യാണ മണ്ഡപം നടത്തുന്നവര്‍, പച്ചക്കറി- പഴക്കച്ചവടക്കാര്‍, മത്സ്യക്കച്ചവടക്കാര്,പെട്ടിക്കടക്കാര്‍ എന്നിവര്‍ക്ക് പുറമെ ഹോം മെയ്ഡ് കേക്കുകള്‍ വില്ക്കുന്നവരും ലൈസൻസ് എടുക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്യണമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
Story highlights- food safety department warns cake bakers to get licence