ആദിൽ ഹുസൈനൊപ്പം നിമിഷ സജയൻ; ഫുട്പ്രിന്റ്സ് ഓൺ വാട്ടർ ഒരുങ്ങുന്നു
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് നിമിഷ സജയൻ. കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ബോളിവുഡ് താരം ആദിൽ ഹുസൈനും നിമിഷ സജയനും ഒന്നിക്കുന്ന ചിത്രം ഒരുങ്ങുന്നു. ഫുട്പ്രിന്റ്സ് ഓൺ വാട്ടർ എന്ന് പേരിട്ടിരിക്കുന്ന ഇംഗ്ലീഷ് ഇന്ത്യൻ ചിത്രത്തിലാണ് ആദിൽ ഹുസൈനോപ്പം നിമിഷ വേഷമിടുന്നത്. നഥാലിയ ശ്യാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാകുന്നത് നീത ശ്യാം ആണ്. ചിത്രത്തിൽ ലെന കുമാർ, ബ്രിട്ടീഷ് താരം അന്റോണിയോ അകീൽ എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹൻ നാടാറാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം അഴകപ്പൻ. ചിത്രം 2021 ൽ റിലീസ് ചെയ്യും.
നിമിഷയുടേതായി വെള്ളിത്തിരയിൽ ഒരുങ്ങുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. സുരാജ് വെഞ്ഞാറമൂടും, നിമിഷ സജയനുമാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ്- നിമിഷ ജോഡി ഒന്നിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്.
Read also:മൂന്നു ചിത്രങ്ങൾ, ഒരു ഭാഷ, ഒരേയൊരു ഉർവ്വശി- ഒടിടി റിലീസുകളിൽ താരമായി പ്രിയനടി
അതേസമയം, നായാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് നിമിഷ സജയൻ. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ് എന്നിവർക്കൊപ്പമാണ് നിമിഷ നായാട്ടിൽ വേഷമിടുന്നത്.
Story Highlights: footprints on water movie