ഗൗതമി നായർ കൊവിഡ് മുക്തയായി; നെഗറ്റീവ് സർട്ടിഫിക്കറ്റും അനുഭവക്കുറിപ്പും പങ്കുവെച്ച് നടി

നടിയും സംവിധായികയുമായ ഗൗതമി നായർ കൊവിഡിൽ നിന്നും മുക്തയായി. ഗൗതമി നായർ സമൂഹമാധ്യമങ്ങളിലൂടെ രോഗമുക്തയായ വിവരം പങ്കുവയ്ക്കുകയായിരുന്നു. സഹോദരിക്കൊപ്പമാണ് നടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ചതിനെ കുറിച്ചും ആരോഗ്യപ്രവർത്തകരുടെ കരുതലിനെക്കുറിച്ചും ഗൗതമി നായർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനൊപ്പം പങ്കുവയ്ക്കുന്നു.
ഗൗതമിയുടെ കുറിപ്പ്;
അങ്ങനെ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യം സംഭവിച്ചു. എനിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. പക്ഷേ ഇപ്പോൾ ഞാൻ നെഗറ്റീവ് ആയി, എന്റെ 21 ദിവസങ്ങൾ പൂർത്തിയാക്കി! ഇതിനിടയിൽ സഹോദരിയെയും കൊവിഡ് ബാധിച്ചു. ഞങ്ങളുടെ ലക്ഷണങ്ങളെ കുറിച്ചും, ആരോഗ്യത്തെക്കുറിച്ചും ഉറപ്പുവരുത്താൻ ആരോഗ്യമേഖലയിലെ നഴ്‌സുമാരും സാമൂഹ്യ പ്രവർത്തകരും ദിവസേന വിളിച്ചിരുന്നതിനെക്കുറിച്ചാണ് ആദ്യം പറയാനുള്ളത്.ഞങ്ങൾക്ക് കഠിനമായ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾക്ക് രണ്ടുപേർക്കും കടുത്ത തലവേദന ഉണ്ടായിരുന്നു,മൈഗ്രെയ്ൻ ഉള്ളതുപോലെ. പക്ഷേ മരുന്നുകൾ കഴിച്ചതിനുശേഷം വേദന വിട്ടുപോയിരുന്നില്ല. ആരോഗ്യപ്രവർത്തകർ എന്റെ സഹോദരിയുടെ പ്രൈമറി കോൺടാക്റ്റായി എന്നെ ലിസ്റ്റു ചെയ്തിട്ടില്ലായിരുന്നുവെങ്കിൽ, എനിക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് പോലും അറിയില്ലായിരുന്നു. മാത്രമല്ല, ഞാൻ കാരണം എത്ര പേരിലേക്ക് അണുബാധയുണ്ടാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ. അവബോധത്തിന്റെ അഭാവം. അതുകൊണ്ട് തന്നെ നിങ്ങൾക്ക് എന്തെങ്കിലും ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ പരിശോധനയ്ക്ക് വിധേയരാകുക.
അതേസമയം, തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ആശുപത്രിയിൽ ഒരാഴ്ച ചികിത്സ പൂർത്തിയാക്കി വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണ് താരം.
Story highlights- gauthami nair about covid-19