40 തവണ പരാജയപ്പെട്ടിട്ടും പതറാതെ മുന്നോട്ട്; ഒടുവിൽ വിജയം, മാതൃകയാക്കണം അവധ് കിഷോറിനെ

പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ ആത്മവിശ്വാസത്തോടെ പോരാടുന്നവരാണ് യഥാർത്ഥ ഹീറോസ്. അത്തരത്തിൽ നിരവധിപ്പേരെ നാം കാണാറുണ്ട്. ഇപ്പോഴിതാ 40 തവണ പരാജയപ്പെട്ടിട്ടും പതറാതെ മുന്നോട്ട് നീങ്ങി വിജയത്തിലേക്ക് കാലെടുത്തുവെച്ച അവധ് കിഷോർ പവാറാണ് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഉണ്ടായിരുന്ന നല്ല ജോലി ഉപേക്ഷിച്ച് സിവിൽ സർവീസ് എന്ന സ്വപ്നവുമായി എത്തിയതാണ് അവധ് കിഷോർ, എന്നാൽ അവിടെ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ഒന്നും രണ്ടുമല്ല നാല്പത് തവണ പരീക്ഷ എഴുതിയാണ് അവധ് വിജയത്തിലേക്ക് എത്തിയത്.

ജോലിക്കിടെയുള്ള ഒരു നൈറ്റ് ഷിഫ്റ്റിന് ഇടയിലാണ് സിവിൽ സർവീസ് എന്ന സ്വപ്നം അവധിന്റെ മനസിൽ കയറിയത്. സിവിൽ സർവീസ് നേടിയ റിക്ഷാ ജോലിക്കാരന്റെ ഇന്റർവ്യൂ കാണാനിടയായതാണ് അവധിന് പ്രചോദനമായത്. പിന്നീട് ജോലിയും രാജിവെച്ച് അവധ് ഡൽഹിയ്ക്ക് വണ്ടി കയറുകയായിരുന്നു. അതുവരെ ജോലി ചെയ്തിരുന്ന ശമ്പളം ഉപയോഗിച്ച് പുസ്തകങ്ങൾ വാങ്ങി അവധ് പഠനമാരംഭിച്ചു. എന്നാൽ ഇംഗ്ലീഷ് അത്ര വശമില്ലാത്തതിനാൽ അവധിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല.

Read also:ഹൃദയം കീഴടക്കി ഒരു വീഡിയോ; വിവാഹദിനത്തിൽ വധുവിന് സ്നേഹം നിറച്ചൊരു സർപ്രൈസ് ഒരുക്കി വരൻ

പിന്നീട് തുടരെ തുടരെ നിരവധി പരീക്ഷകൾ എഴുതി. യുപിഎസ്‌സിക്ക് പുറമേ മറ്റ് മത്സരപരീക്ഷകളും എഴുതിയെങ്കിലും എഴുതിയ പരീക്ഷകളിലെല്ലാം അവധ് തുടരെ പരാജിതനായി. പിന്നീട് പ്രയത്‌നത്തിന്റെ ഫലമായി നാലാം തവണ 2015-ല്‍ അവധ് സിവില്‍ സര്‍വീസ് റാങ്ക് നേടി. ദേശീയതലത്തിൽ 657 ആം റാങ്കാണ് അവധ് കരസ്ഥമാക്കിയത്. ഭോപ്പാൽ ആദായ നികുതി വകുപ്പിൽ അസിസ്റ്റന്റ് കമ്മീഷണറായിട്ടാണ് അദ്ദേഹം ഇപ്പോൾ ജോലി ചെയ്യുന്നത്. ഇപ്പോൾ സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കാനാഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് കുറച്ചു സുഹൃത്തുക്കളുമായി ചേർന്ന് ഒരു ഫേസ്ബുക്ക് ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട് അവധ്.

Story Highlights: Inspirational story of avadh kishor pawar