ഹോളിവുഡ് സിനിമ ആസ്വാദകർക്ക് സന്തോഷവാർത്ത; അവതാർ- 2 ചിത്രീകരണം പൂർത്തിയായി
ഹോളിവുഡ് സിനിമ ആസ്വാദകരുടെ ഇഷ്ടചിത്രം അവതാർ 2-വിന്റെ ചിത്രീകരണം പൂർത്തിയായി. സംവിധായകൻ ജെയിംസ് കാമറൂൺ വെള്ളിത്തിരയിൽ ഒരുക്കുന്ന വിസ്മയം ആസ്വദിക്കാനുള്ള ആവേശത്തിലാണ് സിനിമ പ്രേമികൾ. ലോക്ക് ഡൗൺ പ്രതിസന്ധിക്കിടയിലും സിനിമ ചിത്രീകരണവുമായി ജെയിംസ് കാമറൂൺ മുന്നോട്ട് പോയിരുന്നു. ഇപ്പോഴിതാ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായെന്നും മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഭൂരിഭാഗവും അവസാനിച്ചുവെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ന്യൂസിലാൻഡ് ആയിരുന്നു. ന്യൂസിലാൻഡ് കൊവിഡ് മുക്തമായ ഘട്ടത്തിലാണ് ഇവിടെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ രാജ്യത്ത് കൊവിഡ് കേസുകൾ വന്നെങ്കിലും സിനിമ ചിത്രീകരണം മുടങ്ങിയിരുന്നില്ല. 2009 ഡിസംബർ 19 ന് റിലീസ് ചെയ്ത 3-ഡി സയൻസ്-ഫിക്ഷൻ ചലച്ചിത്രമാണ് അവതാർ. ലോകമൊട്ടാകെ ഈ ചിത്രം 2,789 ദശലക്ഷം ഡോളർ നേടി. 2019 ജൂലൈയിൽ അവഞ്ചേഴ്സ്; എൻഡ്ഗെയിം ഈ കളക്ഷൻ റെക്കോർഡ് ഭേദിക്കും വരെ ലോകസിനിമ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പണം നേടിയ ചിത്രമായിരുന്നു അവതാർ.
മനുഷ്യരും പണ്ടോറയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. അവതാർ 2ന്റെ കഥ പൂർണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് സൂചന.
Story Highlights : james cameron on avatar sequel two is done