രാത്രിയിൽ അതിക്രമിച്ച് വീട്ടിൽ കയറിയ ആളെ അടിച്ച് വീഴിച്ച് മുത്തശ്ശി; സൂപ്പർ ഹീറോയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

October 9, 2020

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ താരമാണ് ലോറെൻസ മാരുജോ എന്ന അറുപത്തി ഏഴുകാരിയായ മുത്തശ്ശി. രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറിയ ആളെ അടിച്ച് കീഴ്പ്പെടുത്തിയതോടെയാണ് ലോറെൻസ മാരുജോ മുത്തശ്ശി സോഷ്യൽ മീഡിയയിൽ താരമായി മാറിയത്. കാലിഫോർണിയയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലാണ് 82 കാരിയായ വൃദ്ധ തനിയെ താമസിക്കുന്ന വീട്ടിൽ ഒരാൾ അതിക്രമിച്ച് കയറിയത്.

മദ്യപിച്ച് ഫോണ്ടാന അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ നുഴഞ്ഞുകയറിയ അയാളെ പക്ഷെ അവിടെ എതിരേറ്റത് അവിടുത്തെ താമസക്കാരിയുടെ സുഹൃത്തായ ലോറെൻസ മാരുജോ മുത്തശ്ശിയാണ്. വീട്ടിൽ മദ്യലഹരിയിൽ അതിക്രമിച്ച് കയറി മുത്തശ്ശിയെ ഉപദ്രവിക്കാൻ ശ്രമിച്ച ആളെ ലോറെൻസ മാരുജോ മുത്തശ്ശി ആത്മധൈര്യം കൊണ്ട് നേരിടുകയായിരുന്നു. സംഭവം അറിഞ്ഞ് ഇവിടേക്ക് പൊലീസ് എത്തിയപ്പോൾ ലോറെൻസ മാരുജോ മുത്തശ്ശി ഒരു കാലുകൊണ്ട് അയാളെ ചവിട്ടിയും കൈകൊണ്ട് അയാളെ ഇടംവലം തിരിയാൻ പോലും അനുവദിക്കാതെ പിടിച്ച് വെച്ചിരിക്കുന്നതുമാണ് കണ്ടത്. ഉടൻ തന്നെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Read also:കൊറോണ വൈറസ് ബാധ നേരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന പുതിയ ലക്ഷണങ്ങൾ

അതേസമയം ഇത്തരം സാഹചര്യങ്ങളിൽ ആത്മധൈര്യത്തോടെ പെരുമാറിയ മുത്തശ്ശിയ്ക്ക് മികച്ച പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. കാഴ്ചയിൽ അഞ്ചടി പോലും ഉയരമില്ലാത്ത മെലിഞ്ഞ വൃദ്ധയാണ് ലോറെൻസ മാരുജോ മുത്തശ്ശി. ഈ മുത്തശ്ശിയാണ് അഞ്ചടി ഒമ്പതിഞ്ച് ഉയരവും 77 കിലോഗ്രാം ഭാരവുമുള്ള അക്രമണകാരിയെ നേരിട്ടത്. ചെറുപ്പകാലത്ത് സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന മരുജോ ആയോധന കല പഠിച്ചിരുന്നു.

Story Highlights: 67 year old Lady puts the hurt on intruder