മോസ്കോ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ‘ബിരിയാണി’; മികച്ച നടിയായി കനി കുസൃതി

മലയാളികൾക്ക് ഏറെ സുപരിചിതയാണ് സിനിമാതാരം കനി കുസൃതി. ഇപ്പോഴിതാ ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് അന്താരാഷ്ട്ര പുരസ്കാരം നേടിയിരിക്കുകയാണ് കനി കുസൃതി. 42-മത് മോസ്കോ ഫിലിം ഫെസ്റ്റിവലില്‍ ബ്രിക്സ് മത്സര വിഭാഗത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുയാണ് കനി കുസൃതി. മോസ്കോ ഫിലിം ഫെസ്റ്റിവലില്‍ ഒരു മലയാള സിനിമയ്ക്ക് ആദ്യമായാണ് അവാര്‍ഡ് ലഭിക്കുന്നത്. ബ്രിക്സ് വിഭാഗത്തില്‍ മത്സരിച്ച രണ്ട് ഇന്ത്യന്‍ സിനിമകളില്‍ ഒന്നായിരുന്നു ബിരിയാണി.
ബിരിയാണി പറയുന്നത്, കടല്‍ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തില്‍ അപ്രതീക്ഷിതമായ ഉണ്ടാകുന്ന സംഭവങ്ങളാണ്. ഇവിടെ നിന്നും നാട് വിടേണ്ടി വരുന്നതും ആ യാത്രയിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്തത്തിന്റെ പ്രമേയം. കനി കുസൃതിയും ശൈലജ ജലയുമാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി വേഷമിടുന്നത്. സുര്‍ജിത് ഗോപിനാഥ്, അനില്‍ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കല്‍ ജയചന്ദ്രന് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സജിന്‍ ബാബുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. യുഎഎന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് കാര്‍ത്തിക് മുത്തുകുമാറാണ്. എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും നിര്‍വഹിക്കുന്നു.
Story Highlights: kani kusruthi won best actress award in mosco film festival