‘ഒന്നിനും ഞങ്ങളുടെ അഭിനിവേശം തടയാൻ കഴിയില്ല’- ‘ലാൽ സിംഗ് ഛദ്ദ’യുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയതായി കരീന കപൂർ

ആമിർ ഖാൻ നായകനാകുന്ന ‘ലാൽ സിംഗ് ചദ്ദ’യുടെ ഷൂട്ടിംഗ് പൂർത്തിയായി. ചിത്രത്തിൽ നായികയായെത്തുന്ന കരീന കപൂറാണ് ഷൂട്ടിംഗ് പൂർത്തിയായ വിശേഷം പങ്കുവെച്ചത്. ആമിർ ഖാനൊപ്പമുള്ള ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്. ‘എല്ലാ യാത്രകൾക്കും അവസാനമുണ്ട്. ഇന്ന്, ഞാൻ ലാൽ സിംഗ് ചദ്ദയുടെ ഷൂട്ടിംഗ് പൂർത്തിയാക്കി… ദുഷ്‌കരമായ സമയങ്ങൾ… പകർച്ചവ്യാധി, എന്റെ ഗർഭധാരണം, അസ്വസ്ഥത, പക്ഷേ ഒന്നിനും ഞങ്ങളുടെ അഭിനിവേശം തടയാൻ കഴിയില്ല’- കരീന കപൂർ കുറിക്കുന്നു.
അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ‘തലാഷി’ന് ശേഷം ആമിർ ഖാനും കരീനയും ഒന്നിക്കുകയാണ്. ടോം ഹാങ്ക്സിന്റെ ‘ഫോറസ്റ്റ് ഗംപ്’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് ‘ലാൽ സിംഗ് ചദ്ധ’. 1994ൽ റിലീസ് ചെയ്ത ചിത്രം വൻ വിജയമായിരുന്നു.
നിലവിൽ, 2021 ഡിസംബർ 25നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മുൻപ്, 2020 ഡിസംബർ 25നായിരുന്നു ചിത്രത്തിന്റെ റീലിസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കൊവിഡ് സാഹചര്യം കാരണം ചിത്രീകരണം നീളുകയും പറഞ്ഞ സമയത്ത് റിലീസ് സാധ്യമല്ലാത്ത അവസ്ഥയുണ്ടാകുകയും ചെയ്യുകയായിരുന്നു.
ആമിർഖാൻ പ്രൊഡക്ഷൻസും വയാകോം 18 മോഷൻ പിക്ചേഴ്സും ചേർന്നാണ് ‘ലാൽ സിംഗ് ചദ്ധ’ സംവിധാനം ചെയ്യുന്നത്. അതേസമയം, ആറ് ഓസ്കാർ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ചിത്രം കൂടിയാണ് ‘ഫോറസ്റ്റ് ഗംപ്’.25 വർഷത്തിന് ശേഷമാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ആമിർ ഖാന്റെ ആരാധകരും ബോളിവുഡ് സിനിമാ ലോകവും വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.
Story highlights- kareena akpoor about lal singh chadha