‘ലാൽ സിംഗ് ഛദ്ദ’യിലെ ഷാരൂഖ് ഖാന്റെ രംഗങ്ങൾ സംവിധാനം ചെയ്തത് ആമിർ ഖാൻ

November 9, 2020

ആമിർ ഖാൻ നായകനാകുന്ന ‘ലാൽ സിംഗ് ചദ്ദ’യുടെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂർത്തിയായത്.  ചിത്രത്തിൽ നായികയായെത്തുന്നത് കരീന കപൂറാണ്. എന്നാൽ, ഇവർക്ക് പുറമെ നടൻ ഷാരൂഖ് ഖാനും ലാൽ സിംഗ് ചദ്ദയിൽ വേഷമിടുന്നുണ്ട്. അതിഥി വേഷത്തിലാണ് ഷാരൂഖ് ഖാൻ ചിത്രത്തിൽ എത്തുന്നത്. ഡൽഹിയിൽ ലാൽ സിംഗ് ഛദ്ദയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷമാണ് ഷാരൂഖ് ദുബായിലേക്ക് യാത്രയായത്. അതേസമയ, ലാൽ സിംഗ് ഛദ്ദയിലെ ഷാരൂഖ് ഖാന്റെ രംഗങ്ങൾ ചിത്രീകരിച്ചത് നായകനായ ആമിർ ഖാൻ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇടവേളയ്ക്ക് ശേഷം നിരവധി ചിത്രങ്ങളിലാണ് ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തുന്നത്.

ഹോളിവുഡ് ഹിറ്റ് ചിത്രമായ ‘ഫോറസ്റ്റ് ഗംപി’ന്റെ റീമേക്കായ ‘ലാൽ സിംഗ് ചദ്ദ’ യുടെ വിഷ്വൽ ഇഫക്റ്റുകൾ കൈകാര്യം ചെയ്യുന്നതും ഷാരൂഖ് ഖാന്റെ സ്ഥാപനമാണ്. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ‘ലാൽ സിംഗ് ചദ്ദ’ ഈ വർഷം ഡിസംബറിൽ പ്രദർശനത്തിനെത്താൻ തീരുമാനിച്ചിരുന്നെങ്കിലും ചിത്രീകരണം വൈകിയതോടെ 2021ലെ ക്രിസ്മസ് വേളയിൽ റിലീസ് ചെയ്യുനാണ് തീരുമാനം.

നിലവിൽ, 2021 ഡിസംബർ 25നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മുൻപ്, 2020 ഡിസംബർ 25നായിരുന്നു ചിത്രത്തിന്റെ റീലിസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കൊവിഡ് സാഹചര്യം കാരണം ചിത്രീകരണം നീളുകയും പറഞ്ഞ സമയത്ത് റിലീസ് സാധ്യമല്ലാത്ത അവസ്ഥയുണ്ടാകുകയും ചെയ്യുകയായിരുന്നു.

Read More: നിരവധി തരങ്ങളുമായി ‘ജാന്‍ എമന്‍’ ഒരുങ്ങുന്നു

 ടോം ഹാങ്ക്സിന്റെ ‘ഫോറസ്റ്റ് ഗംപ്’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് ‘ലാൽ സിംഗ് ചദ്ധ’. 1994ൽ റിലീസ് ചെയ്ത ചിത്രം വൻ വിജയമായിരുന്നു. ആമിർഖാൻ പ്രൊഡക്ഷൻസും വയാകോം 18 മോഷൻ പിക്ചേഴ്സും ചേർന്നാണ് ‘ലാൽ സിംഗ് ചദ്ദ ’ ഒരുക്കുന്നത്. അതേസമയം, ആറ് ഓസ്കാർ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ചിത്രം കൂടിയാണ് ‘ഫോറസ്റ്റ് ഗംപ്’. 25 വർഷത്തിന് ശേഷമാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ആമിർ ഖാന്റെ ആരാധകരും ബോളിവുഡ് സിനിമാ ലോകവും വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

Story highlights- Aamir Khan directs Shah Rukh Khan’s cameo in ‘Laal Singh Chaddha’