“നിങ്ങളെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഞങ്ങളുടെ ബിസിനസ്സ്..”; പഠാന്റെ വിജയത്തിൽ ആരാധകരോട് നന്ദി പറഞ്ഞ് ഷാരൂഖ് ഖാൻ

March 9, 2023

തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിനെ തുടർന്ന് വലിയ പ്രതിസന്ധിയിലായിരുന്നു ബോളിവുഡ്. എന്നാൽ ഇപ്പോൾ ഹിന്ദി സിനിമ ഇൻഡസ്ട്രി വീണ്ടും പഴയ പ്രതാപകാലത്തേക്ക് തിരികെ എത്തിയിരിക്കുകയാണ്. തിരിച്ചു വരവിന്റെ പാതയിലാണ് ബോളിവുഡ്. വമ്പൻ പരാജയത്തിലേക്ക് കൂപ്പുകുത്തിയിരുന്ന ഹിന്ദി സിനിമ മേഖല ‘ബ്രഹ്മാസ്ത്ര’, ‘ദൃശ്യം 2’ എന്നീ ചിത്രങ്ങളിലൂടെ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചിരുന്നു. എന്നാൽ പഠാന്റെ വമ്പൻ വിജയം ബോളിവുഡിന് പുതുജീവൻ നൽകിയിരിക്കുകയാണ്. ഇന്ത്യൻ ബോക്‌സോഫിസിനെ ഇളക്കിമറിക്കുകയാണ് ചിത്രം. (Sharukh khan thanks fans for pathan’s huge success)

ഇപ്പോൾ പഠാന്റെ വിജയത്തിൽ ആരാധകരോട് നന്ദി പറയുകയാണ് ഷാരൂഖ് ഖാൻ. “ഇത് ബിസിനസ്സ് അല്ല. തികച്ചും പേഴ്‌സണലാണ്. നിങ്ങളെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഞങ്ങളുടെ ബിസിനസ്സ്. ഞങ്ങൾ അത് വ്യക്തിപരമായി എടുത്തില്ലെങ്കിൽ…ഒരിക്കലും വർക്ക് ആകില്ല. എല്ലാവർക്കും നന്ദി. ജയ് ഹിന്ദ്”- ഷാരൂഖ് ഖാൻ ട്വീറ്റ് ചെയ്തു.

അതേ സമയം എക്കാലത്തെയും മികച്ച ബോക്സോഫീസ് കളക്ഷൻ നേടിയ ഹിന്ദി ചിത്രമായിരിക്കുകയാണ് പഠാന്‍. ‘ബാഹുബലി 2’ വിന്റെ ഹിന്ദി പതിപ്പിന്റെ റെക്കോർഡാണ് ചിത്രം മറികടന്നത്. പഠാന്റെ ഹിന്ദി പതിപ്പിന്റെ കളക്ഷൻ 510 കോടി കടന്നപ്പോഴാണ് റെക്കോർഡ് നേട്ടം ഉണ്ടായത്. പഠാനും ബാഹുബലിക്കുമൊപ്പം ‘കെജിഎഫ് 2’, ‘ദംഗല്‍’ എന്നീ ചിത്രങ്ങളാണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിട്ടുള്ളത്.

Read More: അൻപത്തിയാറാം വയസിലും ഫിറ്റ്നസ് മുഖ്യം- വിഡിയോ പങ്കുവെച്ച് നദിയ മൊയ്തു

നേരത്തെ പഠാന്റെ കളക്ഷൻ 1000 കോടി കടന്നിരുന്നു. റിലീസ് ചെയ്‌ത്‌ രണ്ടാം ദിനം തന്നെ ചിത്രം 200 കോടി നേടിയിരുന്നു. ഷാരൂഖ് ഖാന്റെ എക്കാലത്തെയും മികച്ച ഓപ്പണിങ് കളക്ഷനാണ് ‘പഠാൻ’ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ആദ്യ ദിനം തന്നെ ലോകമെമ്പാട് നിന്നും 100 കോടി നേടിയിരുന്നു. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളക്ഷനാണിത്. അഞ്ച് ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള കളക്ഷൻ 500 കോടിയിലെത്തിയിരുന്നു.

Story Highlights: Sharukh khan thanks fans for pathan’s huge success