നിഗൂഢതകൾ നിറച്ച് മഞ്ജു വാര്യർ ചിത്രം ‘കയറ്റം’; ശ്രദ്ധനേടി ട്രെയ്ലർ
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന സനൽകുമാർ ശശിധരൻ ചിത്രമാണ് ‘കയറ്റം’. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. എ.ആര് റഹ്മാന് ആണ് തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ട്രെയ്ലര് പുറത്തുവിട്ടിരിക്കുന്നത്. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുകൊണ്ടാണ് ട്രെയ്ലർ ഒരുക്കിയിരിക്കുന്നത്.
അതേസമയം ചിത്രം ബുസാൻ ഫിലിം ഫെസ്റ്റിവലിൽ ഇടം നേടിയിരുന്നു. ഒക്ടോബർ ഏഴിന് ആരംഭിക്കുന്ന 25 -മത് ബുസാൻ ഫിലിം ഫെസ്റ്റിവലിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. അപകടം നിറഞ്ഞ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രക്കിംഗ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മഞ്ജു വാര്യർക്ക് പുറമെ വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. അതിന് പുറമെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോനിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂർ, ഭൂപേന്ദ്ര ഖുറാന എന്നിവരും ചിത്രത്തിൽ അഭിനയിയ്ക്കുന്നുണ്ട്.
Read also: അറിയാം സോഷ്യൽ മീഡിയയിലെ സൂപ്പർതാരം ഓസിത ഇഹെമേയെ
ചിത്രത്തിനുവേണ്ടി തയാറാക്കിയ അഹർസംസ എന്ന ഭാഷയാണ് സിനിമയുടെ മറ്റൊരു സവിശേഷത. ഈ ഭാഷയിൽ കയറ്റം എന്നർത്ഥം വരുന്ന ‘അഹർ’ ആണ് ചിത്രത്തിന്റെ ടൈറ്റിൽ ആയി നൽകിയിരിക്കുന്നത്. അതേസമയം മഞ്ജു വാര്യയുടേതായി നിരവധി ചിത്രങ്ങളാണ് വെള്ളിത്തിരയിൽ ഒരുങ്ങുന്നത്. മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം, മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ദി പ്രീസ്റ്റ്, ജാക്ക് ആൻഡ് ജിൽ, വെള്ളരിക്ക പട്ടണം തുടങ്ങിയ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
Story Highlights: Kayattam Film trailer