ചിരഞ്ജീവിക്കൊപ്പം സായി പല്ലവിയോ കീർത്തി സുരേഷോ; വേതാളം തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു

അജിത് നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം വേതാളം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ചിരഞ്ജീവി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ സായി പല്ലവിയാണോ കീർത്തി സുരേഷാണോ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വേതാളത്തിന്റെ തെലുങ്ക് റീമേക്കിൽ ചിരഞ്ജീവിയുടെ സഹോദരി വേഷത്തിൽ സായി പല്ലവി എത്തുന്നുവെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ചിത്രത്തിൽ ചിരഞ്ജീവിയുടെ സഹോദരിയായി വേഷമിടുന്നത് കീർത്തി സുരേഷ് ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. അതേസമയം ഈ കഥാപാത്രത്തെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
തമിഴിൽ ലക്ഷ്മി മേനോൻ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. തമിഴിൽ സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രം തെലുങ്കിൽ ഒരുക്കുന്നത് മെഹർ രമേശാണ്.
അതേസമയം, തമിഴിൽ നിന്നും തെലുങ്കിലേക്ക് ചിത്രം എത്തുമ്പോൾ സ്ക്രിപ്റ്റിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചിരഞ്ജീവിയുടെ താരമൂല്യത്തിനനുസരിച്ച് സ്ക്രിപ്റ്റ് മാറ്റിയിട്ടുണ്ട്. ‘ആചാര്യ’, ‘ലൂസിഫർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വേതാളത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മലർ മിസ്സായി മലയാളികളുടെ ഹൃദയം കവർന്ന സായ് പല്ലവി ഇന്ന് തെന്നിന്ത്യയിലെ സൂപ്പർ നായികയാണ്. തമിഴിലും തെലുങ്കിലും സജീവമായ സായ് പല്ലവി സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്. ചലച്ചിത്ര ലോകത്ത് നിരവധി അവാർഡുകൾ കരസ്ഥമാക്കിയ സൂപ്പർ താരമാണ് കീർത്തി സുരേഷ്. കൈ നിറയെ ചിത്രങ്ങളുമായി വെള്ളിത്തിരയിൽ തിരക്കുള്ള താരമാണ് കീർത്തി.
Story Highlights: keerty suresh or sai pallavi starring in vedhalam remake