2020 ലെ ആദ്യ ചിത്രം; സിനിമ വിശേഷങ്ങൾ പങ്കുവെച്ച് മംമ്താ മോഹന്‍ ദാസ്

2020 ലെ ആദ്യ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചലച്ചിത്രതാരം മംമ്താ മോഹന്‍ ദാസ്. ചിത്രത്തിന്റെ പൂജാവേളയിലെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ലോക്ക് ഡൗണിന് ശേഷമുള്ള ആദ്യ ചിത്രത്തിന്റെ വിശേഷങ്ങൾ മംമ്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

”ഒടുവില്‍ ജോലിയിലേക്ക് മടങ്ങി എത്തി… ചിത്രത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ നിങ്ങളോട് പറയാന്‍ കഴിയില്ല, എന്നാല്‍ വളരെ ആവേശമുണര്‍ത്തുന്ന തിരക്കഥയാണ്…2020-ല്‍ സിനിമയില്‍ നിന്നുള്ള ആദ്യ പേചെക്ക് കൂടിയാണിത്” എന്നാണ് മംമ്ത കുറിച്ചത്.

മലയാളികളുടെ പ്രിയതാരങ്ങളായ ചെമ്പന്‍ വിനോദും മംമ്താ മോഹന്‍ ദാസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് അണ്‍ലോക്ക്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹന്‍ സീനുലാല്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നതും. സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ഈ ചിത്രത്തിന്റെ വിശേഷങ്ങളാണ് മംമ്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ഡബിള്‍സ്, വന്യം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സോഹന്‍ സീനുലാല്‍ സംവിധാനം നിര്‍വഹിക്കുന്ന മൂന്നാമത്തെ ചിത്രമാണ് അണ്‍ലോക്ക്. ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, ഷാജി നവോദയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read also:‘ദശരഥ’ത്തിന്റെ 31 വർഷങ്ങൾ- ‘ദശരഥത്തിലെ രാജീവ് മേനോൻ തന്നെയാണ് പാഥേയത്തിലെ ചന്ദ്രദാസ്’ വ്യത്യസ്തമായ കുറിപ്പുമായി വിജയ് ശങ്കർ ലോഹിതദാസ്

മോഷന്‍ പ്രൈം മൂവീസിന്റെ ബാനറില്‍ സജീഷ് മഞ്ചേരിയാണ് ചിത്രത്തിന്റെ നിര്‍മാണം. അതേസമയം സംവിധായകരായ സിദ്ദിഖ്, ഷാഫി എന്നിവരുടെ സഹ സംവിധായകനായി സിനിമാരംഗത്തെത്തിയതാണ് സോഹന്‍ സീനുലാല്‍. ആക്ഷന്‍ ഹീറോ ബിജു, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഡ്രൈവിങ് ലൈസന്‍സ്, ഉണ്ട തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുമുണ്ട്.

Story Highlights: Mamtha Mohandas Movie Started