മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറിന് ജന്മ നാട്ടിൽ സ്മാരകം ഒരുങ്ങുന്നു; ശ്രദ്ധേയമായി കുറിപ്പ്

October 19, 2020

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം മനുഷ്യത്വം കൊണ്ടും സഹജീവി സ്നേഹം കൊണ്ടും മലയാളി ഹൃദയങ്ങൾ കീഴടക്കിയ താരമാണ് പ്രേം നസീർ. ഇപ്പോഴിതാ അപൂര്‍വ സവിശേഷതകളുടെ വലിയ വ്യക്തി പ്രഭാവമുള്ള അനശ്വര കലാകാരന്റെ ജന്മ നാട്ടിൽ അദ്ദേഹത്തിന്റെ സ്മാരകം ഒരുങ്ങുകയാണ്. സംവിധായകൻ എംഎ നിഷാദാണ് ഇത് സംബന്ധിച്ച വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. നസീറിന്റെ ജന്മനാടായ ചിറയൻകീഴിൽ നിർമിക്കുന്ന സ്മാരകം ഈ മാസം 26-ന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നടത്തും.

1951 മുതല്‍ മരിക്കുവോളം മലയാള സിനിമ അടക്കിവാണ താര ചക്രവര്‍ത്തിയാണ് പ്രേം നസീര്‍. മലയാളത്തിന്റെ നിത്യഹരിത നായകൻ എന്ന് വിളിപ്പേരുള്ള പ്രേം നസീർ മലയാള സിനിമയ്ക്കും ലോക സിനിമയ്ക്കും നിരവധി സംഭാവനകൾ നൽകിയ വ്യക്തിത്വമാണ്. ‘താരപദവി ഒരു റോസാപൂ മെത്തയല്ല’ എന്നദ്ദേഹം മിക്കപ്പോഴും  പറയുമായിരുന്നു. കഠിനാധ്വാനവും തൊഴിലിനോടുള്ള കൂറും കൃത്യനിഷ്‌ഠതയും  സ്വഭാവശുദ്ധിയും നസീറിനെ എല്ലാവരുടെയും പ്രിയങ്കരനാക്കി.

പൈങ്കിളി നായകനായും, കരുത്തുറ്റ കഥാപാത്രങ്ങളിലും വേഷമിട്ട അദ്ദേഹം ‘കള്ളിച്ചെല്ലമ്മ’, ‘അഴകുള്ള സലീന’ തുടങ്ങിയ ചിത്രങ്ങളില്‍ വില്ലനായും പ്രത്യക്ഷപെട്ടു. ഏറ്റവും അധികം സിനിമകളില്‍ നായകനായോ നായക പ്രാധാന്യമുള്ള റോളുകളിലോ അഭിനയിക്കുക, ഒരേ നായികയുമൊത്ത് 100 ല്‍ ഏറെ സിനിമകളില്‍ അഭിനയിക്കുക തുടങ്ങിയ ലോക റെക്കൊഡുകളെല്ലാം നസീറിന് മാത്രം സ്വന്തമെന്ന് അവകാശപ്പെടാവുന്നതാണ്.

672 മലയാള ചിത്രങ്ങളിൽ അഭിനയിച്ച പ്രേംനസീർ 56 തമിഴ് ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും 32 കന്ന‍ഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 1990 ൽ പുറത്തിറങ്ങിയ ‘കടത്തനാടൻ അമ്പാടി’ എന്ന ചിത്രമാണ്‌ നസീറിന്റെ അവസാനത്തെ ചിത്രം.

എംഎ നിഷാദിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

പ്രേംനസീറിന് സ്മാരകം ഉയരുന്നു….

മലയാളത്തിന്റെ നിത്യവസന്തം, ശ്രീ പ്രേംനസീറിന്, ചിറയൻകീഴിൽ, സ്മാരകം നിർമ്മിക്കുന്നു..ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഈ മാസം 26 -ാം തിയതി, പേം നസീർ സ്മാരകത്തിന് ശിലയിടുന്നതോടെ, മലയാള പ്രേക്ഷകരുടെയും, പ്രേംനസീർ ആരാധകരുടേയും, ചിരകാലാഭിലാഷമാണ് സാധ്യമാകുന്നത്…ഇതിനായി, ശാർക്കരയിൽ പൊതു വിദ്യാഭാസ വകുപ്പിന്റ്റെ കീഴിലെ,72 സെന്റ്റ ഭൂമി,റ വന്യൂ വകുപ്പ് വഴി സാംസ്ക്കാരിക വകുപ്പിന് ലഭിച്ചു. ഡെപ്പ്യൂട്ടി സ്പീക്കറും, ചിറയൻകീഴ് എം എൽ എ യുമായ ശ്രീ വി ശശിയുടെ വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപയും, സർക്കാർ വിഹിതമായ ഒരു കോടി മുപ്പത് ലക്ഷവും ചേർത്ത് 2.30 കോടി രൂപയാണ് സ്മാരകത്തിന്റെ ആദ്യഘട്ടത്തിൽ ചെലവിടുന്നത്..

ഒരു മിനി തീയറ്റർ, പ്രേം നസീർ ലൈബ്രറി, പ്രേം നസീറിന്റ്റെ മുഴുവൻ ചിത്രങ്ങളുടെയും ശേഖരം, ചലച്ചിത്ര പഠനത്തിനായിട്ടുളള സംവിധാനം, താമസ സൗകര്യം ഇതെല്ലാം ഉൾപ്പെടുത്തിയാണ് സ്മാരകം തീർക്കുന്നത്..പ്രേംനസീർ ഒരദ്ഭുത പ്രതിഭാസമായിരുന്നു..

അദ്ദേഹത്തോളം സുന്ദരനെ ഞാൻ കണ്ടിട്ടില്ല..ഒരു പക്ഷെ ആദ്യമായി വെള്ളിത്തിരയിൽ കണ്ട നായകനോട് എനിക്ക് തോന്നിയ സനേഹവും, വീരാരാധനയുമൊക്കെ ആകാം..പ്രേംനസീർ എനിക്കെന്നും, ഇഷ്ട നായകൻ തന്നെ..മലയാള സിനിമയിൽ ചരിത്രം രചിച്ച് കടന്ന് പോയ ഒരാൾ …എന്ന് മാത്രം അദ്ദേഹത്തെ വിശേഷിപ്പിച്ചാൽ പോര…അഹങ്കാരമില്ലാത്ത മനസ്സിന്റ്റെ ഉടമ…ചിരിച്ച മുഖവുമായി, പരാതികളില്ലാതെ, സിനിമക്കകത്തും പുറത്തും, മനുഷ്യ സ്നേഹത്തിന്റ്റെ ഉദാത്ത മാതൃക തന്നെയായിരുന്നു, ശ്രീ പ്രേംനസീർ…ജാതി മത വർഗ്ഗീയ ചിന്തകൾക്കതീതൻ…നാടിനേയും, നാട്ടുകാരേയും ഹൃദയത്തിൽ കൊണ്ട് നടന്ന കലാകാരൻ..ക്ഷേത്രങ്ങൾ എപ്പോഴും സാംസ്ക്കാരിക ഇടങ്ങൾ കൂടിയാണ്…നമ്മുടെ നാടിന്റെ പൈതൃകം വിളിച്ചോതുന്ന അമ്പല മുറ്റത്തെ ഭക്തി സാന്ദ്രമായ അന്തരീക്ഷം, മനം കുളിരുന്നതുമാണ്…ശാർക്കര ക്ഷേത്രത്തിൽ ഒരാനയേ കുടിയിരുത്തിയ പ്രേംനസീറിനപ്പുറം വിശാല ഹൃദയനായ ഒരു കലാകാരൻ ഈ ഭൂമി മലയാളത്തിൽ ജനിച്ചിട്ടില്ല എന്നുളളതാണ് സത്യം..വർത്തമാനകാല അന്തരീക്ഷത്തിൽ പ്രേംനസീർ എന്ന മഹാനായ മനുഷ്യ സ്നേഹിയുടെ അഭാവം കേരളത്തിന്റെ മതേതര മനസ്സിന്റ്റെ തീരാ ദുഖം തന്നെ..

പ്രേംനസീർ എന്ന നടനെ പറ്റി എതിരഭിപ്രായമുണ്ടാകാം…അപ്പോഴും, ഇരുട്ടിന്റ്റെ ആത്മാവും, അസുര വിത്തും, പടയോട്ടവും, വിട പറയും മുമ്പേയും, കാര്യം നിസ്സാരവുമെല്ലാം, നസീർ വിമർശകരുടെ നാവടപ്പിക്കുന്ന പ്രകടനങ്ങളായിരുന്നു എന്നുളളത് ആർക്കും നിഷേധിക്കാൻ കഴിയാത്ത വസ്തുത തന്നെ…പുതു തലമുറയിലെ നടന്മാർക്ക് ഒരു പാഠപുസ്തകമാണ് പ്രേം നസീർ…അദ്ദേഹത്തിന്റ്റെ സ്മാരകം ഉയരുമ്പോൾ, ചലച്ചിത്ര വിദ്യാർത്ഥികൾക്ക് പഠിക്കാനേറെയുണ്ടാകും, പ്രേംനസീറിനെ…വായിക്കപ്പെടേണ്ട പുസ്തകമാണ് പ്രേംനസീർ..അറിഞ്ഞിരിക്കേണ്ട നാമമാണ്..പ്രേം നസീർ…

https://www.facebook.com/manishadofficial/posts/2958886864211171

Story Highlights: monument for prem nazir