പിറന്നാളിന് ഇരട്ടി മധുരം; പ്രണയം നിറഞ്ഞ യാത്രാ അനുഭവം സമ്മാനിച്ച് പ്രഭാസിന്റെ ‘രാധേ ശ്യാം’, മോഷൻ പോസ്റ്റർ

ചലച്ചിത്രതാരം പ്രഭാസിന്റെ പിറന്നാൾ ദിനത്തിൽ പുറത്തുവന്ന താരത്തിന്റെ പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്ററാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. രാധേ ശ്യാം എന്ന ചിത്രമാണ് പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. പ്രണയം നിറഞ്ഞൊരു യാത്രാ അനുഭവമാണ് ആരാധകര്‍ക്ക് പുതിയ പോസ്റ്റര്‍ സമ്മാനിക്കുന്നത്. ‘രാധേശ്യാമിന്റെ പ്രണയ യാത്രയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു’ എന്ന അടിക്കുറിപ്പോടെയാണ് പ്രഭാസ് മോഷൻ പോസ്റ്റർ പങ്കുവെച്ചത്.

ചിത്രത്തിൽ പ്രഭാസിന്റെ നായികയായി വേഷമിടുന്നത് പൂജ ഹെഗ്ഡെയാണ്. യുവി ക്രിയേഷന്റെ ബാനറില്‍  ഭൂഷണ്‍ കുമാര്‍, വാസ്മി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിൽ മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍, സച്ചിൻ ഖേദെക്കർ,ഭാഗ്യശ്രീ, പ്രിയദര്‍ശി, എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ഇപ്പോൾ ഇറ്റലിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.

Read also:ഇത്രയധികം ആസ്വദിച്ച് ഊഞ്ഞാലാടാൻ ആർക്കാണ് സാധിക്കുക?- സോഷ്യൽ മീഡിയയുടെ മനം കവർന്ന് ഒരു നായ്ക്കുട്ടി

അതേസമയം രാമായണ കഥ പങ്കുവയ്ക്കുന്ന ആദിപുരുഷനും പ്രതിഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ്. ബിഗ് ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നതും. തന്‍ഹാജി സംവിധായകന്‍ ഓം റൗത്ത് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പൂര്‍ണമായും ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്.

അതേസമയം കഴിഞ്ഞ ദിവസം പ്രളയം നേരിടുന്ന ഹൈദരാബാദിന് സഹായ ഹസ്തവുമായി പ്രഭാസ് എത്തിയിരുന്നു. ഒന്നരക്കോടി രൂപയാണ് പ്രഭാസ് പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിയത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് 1.5 കോടി രൂപ സംഭാവന നൽകിയതിന് പുറമെ ആവശ്യമുള്ളവരെ പിന്തുണയ്ക്കാൻ പ്രഭാസ് തന്റെ ആരാധകരോടും അഭ്യർത്ഥിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ പ്രതിസന്ധി ഘട്ടത്തിലും 4 കോടി രൂപ താരം സംഭാവന നൽകിയിരുന്നു.

Story Highlights: motion poster of prabhas radhe shyam