കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിക്കുന്ന ‘നിഴൽ’ ചിത്രീകരണം ആരംഭിച്ചു

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാലോകം സജീവമാകുമ്പോൾ ഷൂട്ടിംഗ് തിരക്കുകളിലാണ് താരങ്ങൾ. നായാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയതിനു പിന്നാലെ നയൻതാരയ്‌ക്കൊപ്പം വേഷമിടുന്ന നിഴലിന്റെ സെറ്റിലേക്ക് എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചതായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം വ്യക്തമാക്കിയത്.

‘ബ്ലൂ ബ്രിഗേഡ്’ എന്ന കുറിപ്പിനൊപ്പം പി പി ഇ കിറ്റ് ധരിച്ചുനിൽക്കുന്ന അണിയറപ്രവർത്തകരുടെ ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ എല്ലാ സിനിമകളുടെയും അണിയറപ്രവർത്തകരും ഷൂട്ടിംഗ് സമയത്ത് പരസ്പരം സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ധരിക്കുന്നുണ്ട്.

 സംസ്ഥാന പുരസ്‌കാര ജേതാവായ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് നിഴൽ. ചിത്രത്തിന്റെ ഭൂരിഭാഗവും എറണാകുളത്ത് ചിത്രീകരിക്കും. കേരളത്തിന് പുറത്ത് രണ്ട് ദിവസത്തെ ഷൂട്ടിംഗ് മാത്രമാണുള്ളത്. വളരെ കുറച്ച് ശ്രദ്ധേയരായ അഭിനേതാക്കൾ മാത്രമാണ് ചിത്രത്തിലുള്ളത്. നവാഗതനായ സഞ്ജീവ് തിരക്കഥയെഴുതുന്ന സിനിമയുടെ ക്രിയേറ്റിവ് വിഭാഗത്തിൽ തീവണ്ടി സംവിധായകൻ ഫെല്ലിനിയുമുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയൻതാര ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്.

Read More: യന്ത്രസഹായമില്ലാതെ പൂർണമായും കൈകൊണ്ട് 60 അടി ഉയരത്തിൽ നിർമിച്ച തൂക്കുപാലം; അമ്പരപ്പിക്കുന്ന നിർമിതി

അതേസമയം, അഞ്ചാം പാതിരയ്ക്ക് ശേഷം വീണ്ടും ത്രില്ലർ ചിത്രത്തിൽ അഭിനയിക്കുന്ന ആവേശത്തിലാണ് കുഞ്ചാക്കോ ബോബൻ. മാത്രമല്ല, നയൻതാരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നിഴൽ. മുൻപ്,  ട്വന്റി-20 എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിൽ ഇവർ ഒന്നിച്ച് എത്തിയിരുന്നു. 

Story highlights- nizhal movie shooting started