കുഞ്ചാക്കോ ബോബനൊപ്പം നയൻതാര; നിഴൽ ഏപ്രിൽ നാല് മുതൽ തിയേറ്ററുകളിൽ

March 25, 2021
nizhal release on april 4

മലയാളികളുടെ പ്രിയതാരങ്ങളായ കുഞ്ചാക്കോ ബോബനും നയൻ‌താരയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നിഴൽ. സിനിമ പ്രേമികൾ അക്ഷമരായി കാത്തിരിക്കുന്ന ചിത്രം ഏപ്രിൽ നാലിന് ഈസ്റ്റർ റിലീസായാണ് തിയേറ്ററുകളിൽ എത്തുന്നത്. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ദേശീയ അവാർഡ് ജേതാവായ എഡിറ്റർ അപ്പു എൻ ഭട്ടതിരിയാണ്.

നവാഗതനായ സഞ്ജീവ് തിരക്കഥയെഴുതുന്ന സിനിമയുടെ ക്രിയേറ്റിവ് വിഭാഗത്തിൽ തീവണ്ടി സംവിധായകൻ ഫെല്ലിനിയുമുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയൻതാര ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രത്തിന്റെ പോസ്റ്റർ നേരത്തെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

കുഞ്ചാക്കോ ബോബനും നയൻതാരയും ട്വന്റി-20 എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിൽ ഒന്നിച്ച് എത്തിയിരുന്നു. 12 വർഷങ്ങൾക്ക് ശേഷം ഇരുവരും സിനിമയ്ക്കായി ഒന്നിക്കുമ്പോൾ ആരാധകരും പ്രതീക്ഷയിലാണ്. അതേസമയം, അഞ്ചാം പാതിരയ്ക്ക് ശേഷം കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന ത്രില്ലർ ചിത്രമാണ് നിഴൽ.

അതേസമയം കുഞ്ചാക്കോ ബോബൻ നായകനാകുന്ന നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മോഹൻകുമാർ ഫാൻസ്‌ ആണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story Highlights: nizhal release on april 4