തിയേറ്റർ തുറക്കുമ്പോൾ ആദ്യം പ്രദർശിപ്പിക്കുന്നത് ‘പിഎം നരേന്ദ്രമോദി’; ചിത്രം റീ- റിലീസിന് ഒരുങ്ങുന്നു
ലോക്ക് ഡൗണിന് ശേഷം സിനിമാ തിയേറ്ററുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയിൽ തിയേറ്ററുകൾ തുറക്കുമ്പോൾ ആദ്യം പ്രദർശനത്തിനെത്തുന്ന ചിത്രം പ്രധാനമന്ത്രിയുടെ ജീവിതം പങ്കുവെച്ച ‘പിഎം നരേന്ദ്രമോദി’യാണ്. വിവേക് ഒബ്റോയ് നായകനായ ചിത്രം ഒക്ടോബർ 15ന് റീ- റിലീസ് ചെയ്യാനാണ് തയ്യാറെടുക്കുന്നത്.
‘ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. 2019 തെരഞ്ഞെടുപ്പിൽ അത് തെളിയിക്കപ്പെട്ടതാണ്. തീയറ്റ്രുകൾ തുറക്കുമ്പോൾ ഇന്നത്തെ കാലത്ത് ഏറ്റവുമധികം പ്രചോദിപ്പിക്കപ്പെടുന്ന നേതാവിൻ്റെ ജീവിതം കാണുന്നതിനെക്കാൾ മികച്ചതായി മറ്റെന്തുണ്ട്? ഈ ചരിത്ര മുഹൂർത്തതിൽ പങ്കാളിയാകുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ചില രാഷ്ട്രീയ അജണ്ടകളാൽ, സിനിമ ആദ്യം റിലീസായപ്പോൾ പലർക്കും ചിത്രം കാണാൻ കഴിഞ്ഞില്ല. സിനിമ തീയറ്ററുകളിൽ ആളെ കൂട്ടുമെന്നും പ്രേക്ഷകർക്ക് മികച്ച അനുഭവം സമ്മാനിക്കുമെന്നും ഞങ്ങൾ കരുതുന്നു.’- സിനിമാനിർമ്മാതാവ് സന്ദീപ് സിംഗ് റീ- റിലീസിനെ കുറിച്ച് പറയുന്നു.
മെയ് 23നായിരുന്നു ചിത്രം ആദ്യം റിലീസായത്. ഇന്ത്യയ്ക്കും ജിസിസിയ്ക്കും പുറമെ ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ഫിജി തുടങ്ങി നിരവധി രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തിരുന്നു. 23 ഭാഷകളിൽ പുറത്തിറങ്ങിയ സിനിമ പ്രശസ്ത ബോളിവുഡ് സംവിധായകൻ ഒമങ് കുമാറാണ് ഒരുക്കിയിരിക്കുന്നത്.
Story highlights- PM Narendra Modi biopic will be first film to hit theatres after halls reopen