പ്രണയ നായകന്മാരായി ജയറാമും കാളിദാസും- പുത്തം പുതുകാലൈ ട്രെയ്ലർ

ആമസോൺ പ്രൈം വീഡിയോ ആദ്യമായി ഒരുക്കുന്ന തമിഴ് ആന്തോളജി ചിത്രമാണ് പുത്തം പുതുകാലൈ. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ മണിരത്നവും സംഗീതസംവിധായകൻ എ ആർ റഹ്മാനും. സുഹാസിനി മണിരത്നം, രാജീവ് മേനോൻ,ഗൗതം മേനോൻ, കാർത്തിക് സുബ്ബരാജ്, സുധ കൊങ്കര എന്നിവർ ഒരുക്കിയ അഞ്ചു ചിത്രങ്ങളാണ് പുത്തം പുതുകാലൈയിൽ ഉള്ളത്. ഒക്ടോബർ 16 മുതൽ ആന്തോളജി ചിത്രം പ്രദർശനത്തിന് എത്തും.
രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ആരംഭിക്കുന്നത് ഇന്ത്യയിലെ 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപനത്തോടെയാണ്. അഞ്ച് കഥകൾ വ്യത്യസ്ത ബന്ധങ്ങളെക്കുറിച്ചും ലോക്ക് ഡൗൺ സമയത്ത് അവ എങ്ങനെ മുന്നോട്ട് പോയി എന്നതിനെക്കുറിച്ചും പങ്കുവയ്ക്കുന്നു. പ്രതീക്ഷ, പ്രണയം, വിവാഹം, ബന്ധങ്ങൾ ഇവയൊക്കെയാണ് അഞ്ചു ചിത്രങ്ങളുടെയും പ്രമേയം.
ശ്രുതി ഹാസൻ, അനു ഹാസൻ, ആൻഡ്രിയ ജെർമിയ, സിഖിൽ ഗുരുചരൺ, ജയറാം, ഉർവശി, കാളിദാസ് ജയറാം, കല്യാണി പ്രിയദർശൻ, റിതു വർമ്മ, എംഎസ് ഭാസ്കർ, ബോബി സിംഹ എന്നിവരാണ് അഭിനേതാക്കൾ. ‘ഇളമൈ ഇതോ ഇതോ’ എന്ന് പേരിട്ടിരിക്കുന്ന സുധ കൊങ്കരയുടെ ചിത്രത്തില്‍ ജയറാം, കാളിദാസ് ജയറാം, ഉര്‍വ്വശി, കല്യാണി പ്രിയദർശൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഹാസിനി മണിരത്നം ഒരുക്കുന്ന ചിത്രമാണ് ‘കോഫി എനിവൺ’. ചിത്രത്തിൽ ശ്രുതി ഹാസനും അനു ഹാസനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഒപ്പം സുഹാസിനിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘അവരും നാനും/അവളും നാനും’ എന്ന ഗൗതം മേനോൻ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് എം എസ് ഭാസ്കറും റിതു വര്‍മ്മയുമാണ്. രാജീവ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റീയൂണിയന്’ എന്നാണ്. ആന്‍ഡ്രിയ ജെർമിയ, ലീല സാംസൺ, സിഗിൽ ഗുരുചരൺ എന്നിവരാണ് റീയൂണിയനിൽ മുഖ്യ താരങ്ങളായി എത്തുന്നത്. മിറാക്കിൾ എന്ന് പേരിട്ടിരിക്കുന്ന കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി ബോബി സിംഹയും മുത്തു കുമാറുമാണ് എത്തുന്നത്.
Story highlights- putham pudhukalai trailer